പൗരത്വ നിയമ ഭേദഗതി; കേന്ദ്രമന്ത്രിയോട് വിയോജിപ്പ് അറിയിച്ച് ജോര്‍ജ്ജ് ഓണക്കൂര്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് അറിയിച്ച് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍. ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായിട്ട് വീട്ടില്‍ എത്തിയപ്പോഴാണ് മന്ത്രിയോട് പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള്‍ തന്റെ എതിര്‍പ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയായിരുന്നു. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഓണക്കൂര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു. പിന്നീട് മാധ്യമങ്ങളെകണ്ട ഓണക്കൂര്‍ തന്റെ നിലപാട് വ്യക്തമാക്കുകയും തനിക്ക് ഇന്ത്യകാരന്‍ എന്നതാണ് മതമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളം പാസാക്കിയ സംയുക്ത പ്രമേയത്തെ കിരണ്‍ റിജിജു വിമര്‍ശിക്കുകയും പൗരത്വം കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും സംസ്ഥാനങ്ങള്‍ക്ക് റോളില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതി മുസ്ലീംങ്ങള്‍ക്ക് എതിരല്ലെന്നും കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Top