മിച്ചഭൂമി തിരിമറി തട്ടിപ്പ്; ജോര്‍ജ്ജ് എം തോമസ് ലാന്‍ഡ് ബോര്‍ഡില്‍ ഹാജരാകണം

കോഴിക്കോട്: ആറു കോടിയുടെ മിച്ചഭൂമി 18 വര്‍ഷമായി നിയമവിരുദ്ധമായി കൈവശം വെക്കുന്ന ജോര്‍ജ്ജ് എം. തോമസും സഹോദരങ്ങളും വിചാരണക്ക് ഹാജരാകാന്‍ ലാന്‍ഡ് ബോര്‍ഡ് നോട്ടീസ്. അടുത്തമാസം 27ന് ഹാജരാകാനാണ് കോഴിക്കോട് ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് നല്‍കിയത്. പതിനഞ്ച് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന നടപടികളാണ് എക്‌സ്പ്രസ് കേരള വാര്‍ത്തയോടെ പുനരാരംഭിച്ചത്.

കൊടിയത്തൂര്‍ വില്ലേജില്‍ ജോര്‍ജ്ജ് എം തോമസ് എം.എല്‍.എയും സഹോദരങ്ങളും കൈവശം വെച്ച 16.4 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനാണ് ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ലാന്‍ഡ് ബോര്‍ഡ് 2000ത്തില്‍ ഉത്തരവിട്ടത്. ഇതിനിടെ സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ അട്ടിമറിക്കാന്‍ മിച്ചഭൂമി മറിച്ചുവില്‍ക്കുകയും ചെയ്തു. ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കാന്‍ നിശ്ചയിച്ച 158/2 സര്‍വെ നമ്പറില്‍പെട്ട 5.77 ഏക്കര്‍ ഭൂമിയാണ് 1984ല്‍ മൂന്ന് കുടുംബങ്ങള്‍ക്ക് വില്‍പന നടത്തിയത്.

തങ്ങള്‍ വാങ്ങിയ ഭൂമി മിച്ചഭൂമിയാണെന്ന് അറിയിച്ചെന്നും കേസുകളില്‍ നിന്നും ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് ഭൂമി വാങ്ങിയവര്‍ ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചെങ്കിലും ലാന്‍ഡ് ബോര്‍ഡ് ഈ ആവശ്യം തള്ളി. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരെ കേള്‍ക്കാന്‍ ഹൈക്കോടതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ എം.എല്‍.എ ഉള്‍പ്പെട്ട കേസായതിനാല്‍ റവന്യൂ വകുപ്പ് നടപടിയെടുക്കാതെ അനന്തമായി നീട്ടി കൊണ്ടുപോവുകയായിരുന്നു.

23rf

സാര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച ഇതേ മിച്ചഭൂമിയാണ് ജോര്‍ജ്ജ് എം തോമസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വന്തം ഭൂമിയായി കാണിച്ചിരുന്നത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് എം തോമസ് എംഎല്‍എ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഭൂമി സംബന്ധമായി നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളുള്ളത്. കൊടിയത്തൂര്‍ വില്ലേജിലെ 188/2 സര്‍വ്വേ നമ്പറില്‍ പെട്ട നാലേക്കാര്‍ പത്ത് സെന്റ് ഭൂമിയാണ് തന്റെ ഉടമസ്ഥതയിലുള്ളതായി എംഎല്‍എ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. മിച്ചഭൂമിയായി കണ്ടെത്തി എംഎല്‍എയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതും 188/2 സര്‍വ്വേ നമ്പറില്‍ പെട്ട നാലേക്കര്‍ ഭൂമി തന്നെ. അമ്മയില്‍ നിന്നും ലഭിച്ച രണ്ടേക്കര്‍ ഭൂമി കൂടി തനിക്കുണ്ടെന്ന് എം.എല്‍.എ പറയുന്നുണ്ടെങ്കിലും ഇക്കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ല.

1234

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞ നാലേക്കര്‍ പത്ത് സെന്റ് ഭൂമിക്ക് എംഎല്‍എ നികുതിയടക്കാത്തതിനാല്‍ രേഖകള്‍ ലഭ്യമല്ലെന്നുമാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ ജനപ്രാതിനിധ്യനിയമം പ്രകാരം എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാം. എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയും.

Top