8 മിനിറ്റ് 46 സെക്കന്‍ഡ്; ജോര്‍ജ് ഫ്ളോയിഡിന് ഒരു ജനതയുടെ യാത്രാ മൊഴി

വാഷിങ്ടണ്‍: അമേരിക്കന്‍ പൊലീസിന്റെ വര്‍ണവെറിയില്‍ ശ്വാസം മുട്ടി മരിച്ച ജോര്‍ജ് ഫ്ളോയിഡിന്റെ ഓര്‍മയ്ക്ക് മുന്നില്‍ കണ്ണീരോടെ മൗനം ആചരിച്ച് ഒരു ജനത.ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യുഎസിലെ വിവിധ ഇടങ്ങളില്‍ ഒത്തുചേര്‍ന്ന ജനങ്ങള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം മൗനം ആചരിച്ചാണ് ഫ്‌ളോയിഡിന് വിട നല്‍കിയത്.

‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ജോര്‍ജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കിയാണ് രാജ്യമെമ്പാടും അനുശോചന യോഗങ്ങള്‍ നടന്നത്. വര്‍ണവെറിക്കിരയായി മരിച്ച ജോര്‍ജ് ഫ്ളോയിഡിന് അമേരിക്കന്‍ ജനത യാത്രാമൊഴി നല്‍കിയപ്പോള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

ഫ്ളോയിഡിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വ്യാഴാഴ്ച മിനിയാപോളിസിലേക്ക് ഒഴുകിയെത്തിയ നൂറു കണക്കിന് ആളുകള്‍ എട്ട് മിനിറ്റ് സമയം ഫ്ളോയിഡിന് അനുശോചനമറിയിച്ച് നിലത്ത് കിടന്നു. ജോര്‍ജ് ഫ്ളോയിഡിന് നീതി വേണമെന്നും ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും ഉറക്കെ പറഞ്ഞാണ് ജനക്കൂട്ടം നിലത്ത് കിടന്ന് അനുശോചനമറിയിച്ച്.

വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ഒരു കാലില്‍ മുട്ടുകുത്തി ഇരുന്ന് പോലീസ് ഉദ്യോഗസ്ഥരും എട്ട് മിനിറ്റ് ഫ്ളോയിഡിന്റെ ഓര്‍മയ്ക്ക് മുന്നില്‍ തലകുനിച്ചു. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങി വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാരും സമാനമായ രീതിയില്‍ ഫ്ളോയിഡിന് വിടചൊല്ലി. ഇതിലൂടെ ‘8:46’ എന്നത് അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള ഭരണകൂട ഭീകരതയ്ക്കെതിരായ പ്രതിഷേധത്തിന്റെ നിമിഷങ്ങളായി അത്.

എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്‌ലോയ്ഡിനെ ഡെറിക് ചോവന്‍ വിട്ടിരുന്നില്ല. നിരായുധനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

ഇതിന് പിന്നാലെ സമീപകാല ചരിത്രത്തില്‍ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തുടനീളം നടന്നത്. ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയിലേറെയായി മിനിയാപൊളിസിലെ തെരുവുകള്‍ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യം പ്രകമ്പനം കൊള്ളുകയായിരുന്നു.

Top