ജോര്‍ജ് ഫ്‌ളോയിഡിന് ഏപ്രിലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന് ഏപ്രിലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നിന് 46കാരനായ ഫ്‌ളോയിഡിന് കോവിഡ് ബാധിച്ചിരുന്നെന്നാണ് ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ പരിശോധകന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ഫ്‌ളോയിഡിന്റെ മരണത്തില്‍ രോഗബാധ പങ്കുവഹിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. കോവിഡ് ലക്ഷണങ്ങളില്ലായിരുന്നെങ്കിലും ഫ്‌ളോയിഡിന്റെ മരണശേഷം മിന്നെസോറ്റ ആരോഗ്യ വിഭാഗം മൂക്കില്‍ നിന്ന് സ്രവം ശേഖരിച്ച് പരിശോധന നടത്തിയതില്‍ രോഗബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആദ്യ രോഗബാധ പൂര്‍ണമായും ഭേദമാകാഞ്ഞതിനാലാകാം ഇതെന്ന് അമേരിക്കയിലെ പ്രമുഖ മെഡിക്കല്‍ പരിശോധകന്‍ കൂടിയായ ആന്‍ഡ്രൂ ബേക്കര്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല ഫ്‌ളോയിഡിന്റെ ശ്വാസകോശം പൂര്‍ണ ആരോഗ്യത്തിലായിരുന്നെന്നും ഹൃദയധമനികള്‍ ചുരുങ്ങിയിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫ്‌ളോയിഡിന്റേത് കഴുത്തുഞെരിച്ചുള്ള നരഹത്യയാണെന്നും മിനിയപൊളിസ് പൊലീസ് ഉദ്യോഗസ്ഥന്‍ ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ച വേളയില്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒമ്പത് മിനിറ്റിലധികമാണ് പൊലീസുകാരന്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കൊണ്ട് ഞെരിച്ചത്. ഫ്‌ളോയിഡ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ സ്വകാര്യ പോസ്റ്റുമോര്‍ട്ടത്തിലും കണ്ടെത്തിയിരുന്നു.

അതിനിടെ, ഫ്‌ളോയിഡ് കോവിഡ് ബാധിതനായിരുന്നെന്ന് കണ്ടെത്തിയ വിവരം അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് സ്വകാര്യ പോസ്റ്റുമോര്‍ട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്ന മുന്‍ ന്യൂയോര്‍ക്ക് സിറ്റി മെഡിക്കല്‍ എക്‌സാമിനര്‍ മൈക്കിള്‍ ബേഡന്‍ ആരോപിച്ചു.

‘മരിച്ച ഒരാളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ അത് പരസ്യപ്പെടുത്തേണ്ടത് അധികൃതരുടെ കടമയാണ്. ഫ്‌ളോയിഡിന്റെ മൃതദേഹത്തിനരികില്‍ ഒരുപാട് പേര്‍ വന്നതാണ്. ഇക്കാര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ കാട്ടേണ്ടിയിരുന്നു. ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പൊലീസുകാരും ദൃക്‌സാക്ഷികളും ഉടന്‍ കോവിഡ് പരിശോധന നടത്തണം’-മൈക്കിള്‍ ബേഡന്‍ പറഞ്ഞു.
അതേസമയം, ഇപ്പോഴും അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനെ തുടര്‍ന്ന് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു.

അതേസമയം, ഫ്‌ളോയ്ഡ് മരിക്കാനിടയായ സംഭവം പൊലീസിനും ഭരണനേതൃത്വത്തിനും നേരെ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിട്ടുള്ളത്. രാജ്യത്ത് പൊലീസ് നടപടികളിലും വെടിവെപ്പിലും ആഫ്രിക്കന്‍-അമേരിക്കക്കാരും ഹിസ്പാനിക് വംശജരുമാണ് കൂടുതലും മരിക്കുന്നത്. പ്രതിഷേധം കനത്ത വാഷിങ്ടണ്‍ ഡി.സി.യില്‍ വീണ്ടും സൈന്യമിറങ്ങിയിരിക്കുകയാണ്.

Top