മുംബെ: നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോജിത് 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 81 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 84 കോടി രൂപയായിരുന്നു മൊത്ത വരുമാനം ലഭിച്ചിരുന്നത്. വരുമാനത്തില്‍ 4 ശതമാനമാണ് ഇടിവുണ്ടായത്. നികുതി കഴിച്ചുള്ള ലാഭം 12 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16 കോടി രൂപയായിരുന്നു.
2018 ജൂണ്‍ 30ലെ കണക്കു പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 37,600 കോടി രൂപയാണ്. നിലവില്‍ ജിയോജിത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സതീഷ് മേനോനെയും, ജിയോജിത് ടെക്‌നോളജീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ എ. ബാലകൃഷ്ണനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കും.
ജിയോജിത് ടെക്‌നോളജീസിന്റെ മാനേജിങ് ഡയറക്ടറായ എ.ബാലകൃഷ്ണന്‍ ദുബായ് ആസ്ഥാനമായ ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടര്‍ കൂടിയാണ്. കഴിഞ്ഞ 20 വര്‍ഷമായി വിവര സാങ്കേതിക വിദ്യാ രംഗത്ത് ജിയോജിത്തിന് നേതൃത്വം നല്‍കുകയും ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയാണ് ബാലകൃഷ്ണന്‍. ഇരുപത് വര്‍ഷം മുന്‍പ് ജിയോജിത്തില്‍ ചേര്‍ന്ന സതീഷ് മേനോന്‍ ഇപ്പോള്‍ ജിയോജിത്തിന്റെ നിക്ഷേപ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.


