ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് എതിരായ വധ ഭീഷണി; കുറ്റവാളികളെ സര്‍ക്കാര്‍ പിടികൂടണമെന്ന് മുസ്ലിം ലീഗ്

ആലപ്പുഴ: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് എതിരായ വധ ഭീഷണിയില്‍ കുറ്റവാളികളെ സര്‍ക്കാര്‍ പിടികൂടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഭീഷണിക്ക് പിന്നില്‍ ലീഗുകാര്‍ ആണെങ്കില്‍ അവര്‍ സംഘടനയില്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ പൊലീസിനെക്കൊണ്ട് അന്വേഷിച്ച് നടപടി എടുപ്പിക്കണം. കള്ളന്‍ കപ്പലില്‍ തന്നെ ആണെന്ന് അന്വേഷണം നടത്തുമ്പോള്‍ ബോധ്യമാകും എന്നും പിഎംഎ സലാം പറഞ്ഞു.

വഖഫ് വിഷയത്തില്‍ സമസ്ത സര്‍ക്കാരിന് ഒപ്പം അല്ല. ചര്‍ച്ച നടത്തി എന്ന പ്രതീതി സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വഖഫ് നിയമനത്തില്‍ മുസ്ലീം ലീഗിന്റെ ശക്തമായ സമരം വരുന്നുണ്ട്. ജനുവരി മൂന്നിന് അടുത്ത ഘട്ട സമരം പ്രഖ്യാപിക്കും. കെ റെയില്‍ പദ്ധതിയുടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ രഹസ്യം ആക്കി വെച്ചിരിക്കുകയാണ്. പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിശ്വാസത്തില്‍ എടുക്കുന്നില്ല. അഴിമതി ആണ് പദ്ധതിക്ക് പിന്നിലുള്ളത്.

കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ എന്തിനാണ് ഇത്ര തിടുക്കം. പദ്ധതി വന്‍ നഷ്ടം ആണ്. മുസ്ലീം ലീഗ് വികസനത്തിന് എതിരല്ലെന്നും പിഎംഎ സലാം പറഞ്ഞു. വൈസ് ചാന്‍സിലര്‍ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചുള്ള ലീഗ് നിലപാടാണ് പിഎംഎ സലാം വ്യക്തമാക്കിയത്. ചാന്‍സലിറായ ഗവര്‍ണര്‍ പറഞ്ഞത് ഗൗരവം ഉള്ള കാര്യമാണ്. സര്‍വകലാശാലകളില്‍ മുഴുവന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ട്. എല്ലാം സ്വജനപക്ഷപാതമാണ്. സര്‍ക്കാര്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കരുത് എന്നും പിഎംഎ സലാം പറഞ്ഞു.

Top