ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയം വഴങ്ങിയ ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് ജെഫ്രി ബോയ്ക്കോട്ട്

ഡല്‍ഹി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയം വഴങ്ങിയ ഇംഗ്ലണ്ട് ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്ക്കോട്ട്. ഇന്ത്യയ്‌ക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന്റെ ബൗളിംഗ് പ്രകടനത്തില്‍ ബോയ്‌ക്കോട്ട് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ആരെയും ഭയപ്പെടുത്തുന്ന തരത്തിലല്ലായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിംഗ് ആക്രമണമെന്നും തോറ്റതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പരമ്പരയിലുടനീളം വിരാട് കോഹ്ലിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കെ എല്‍ രാഹുലും ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചത്. ഇത്രയും ഭാഗ്യസാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും ഇംഗ്ലണ്ടിന് മുതലെടുക്കാന്‍ കഴിഞ്ഞില്ല. വിരാട് കോഹ്ലി ടീമിലില്ലാതിരുന്നത് ഇംഗ്ലണ്ടിന്റെ ഭാഗ്യമാണ്’, ബോയ്ക്കോട്ട് കൂട്ടിച്ചേര്‍ത്തു.ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1നാണ് ഇന്ത്യ പിടിച്ചെടുത്തത്. ആദ്യ മത്സരം വിജയിച്ചെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളും പരാജയം വഴങ്ങിയ ഇംഗ്ലണ്ട് പരമ്പര കൈവിടുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ അനുഭവസമ്പത്തില്ലാത്ത ടോം ഹാര്‍ട്ലിയും ശുഐബ് ബഷീറുമാണ് ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയിലുണ്ടായിരുന്നത്. പ്രധാന പേസറായ മാര്‍ക് വുഡിനാണെങ്കില്‍ കാര്യമായ സ്വാധീനം ചെലുത്താനുമായില്ല. പരിചയസമ്പന്നതയുണ്ടെങ്കിലും കരിയറിന്റെ അവസാനത്തിലെത്തിയ ജിമ്മി ആന്‍ഡേഴ്സണും ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സുമടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ ബൗളിങ് നിര. അതിനാല്‍ ഇംഗ്ലണ്ടിന്റെ പരാജയം തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും ബോയ്ക്കോട്ട് പറഞ്ഞു.

Top