ഇവന്റ് മാനേജ്‌മെന്റ് വിവാദത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ്

കൊല്ലം : കൊല്ലം മണ്ഡലത്തിലെ ഇവന്റ് മാനേജ്‌മെന്റ് വിവാദത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ എല്‍.ഡി.എഫ് പരാതി നല്‍കി. ഉമ്മന്‍ ചാണ്ടി, ബിന്ദു കൃഷ്ണ, ഷിബു ബേബി ജോണ്‍ എന്നിവര്‍ക്കെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പരാതി നല്‍കിയത്.

സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി കൊടുത്തത്. കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ കോഴിക്കോടുള്ള ഒരു ഇവന്റ് മാനേജ്‌മെന്റ് ടീമിനെ ഏല്‍പ്പിച്ചുവെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം.

സി.പി.എം. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പിച്ച് വോട്ടിനു നോട്ടുവിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നുവെന്നാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്. ഇതിനെതിരേ കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പോലീസ്, ഇലക്ഷന്‍ കമ്മിഷന്‍ എന്നിവര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇതേപ്പറ്റി കൊല്ലത്ത് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനം നടത്തിയെങ്കിലും നടപടിയെടുത്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജ്മെന്റുകാര്‍ പണം വിതരണംചെയ്യുകയുമാണ്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

Top