ബിജെപി പ്രലോഭിപ്പിക്കുമ്പോള്‍ ഒപ്പം പോകാത്തവരെ കേരളം ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 10 സീറ്റില്‍ കൂടുതല്‍ കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് സീറ്റ് കിട്ടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്തോ, അതുക്ക് മേലെയെന്നും അദ്ദേഹം ഉത്തരം നല്‍കി. ജാതിഭേദവും മതദ്വേഷവുമില്ലാതെ സാഹോദര്യത്തോടെ കഴിയുന്ന നവോത്ഥാന കേരളത്തിന്റെ നിലനില്‍പ്പിനായാണ് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രലോഭിപ്പിച്ചാല്‍ കൂടെപ്പോകാത്തവരെ വേണം ജയിപ്പിക്കാനെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. എന്തെല്ലാം കുപ്രചരണം നടത്തിയാലും കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമാണ് കേരളത്തിലെ ജനവികാരമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരേണ്ടതുണ്ട്. അതിന് ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാര്‍ലമെന്റില്‍ ആവശ്യമാണ്. മത നിരപേക്ഷ-ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കുന്ന തരത്തില്‍ സംഘപരിവാര്‍ പ്രചാരണം നടത്തി. ആ സംസ്‌കാരം കേരളത്തിലും സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നത്. ഉത്തരേന്ത്യയിലെ തെറ്റായ കാര്യങ്ങള്‍ പകര്‍ത്താതിരിക്കാന്‍ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ മഹത്തായ നമ്മുടെ പാരമ്പര്യം നഷ്ടമാകുന്ന ആപത്കരമായ സാഹചര്യമാണുണ്ടാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top