കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് മുല്ലപ്പള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സിപിഎമ്മിനെതിരെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

കള്ളവോട്ട് നടന്ന ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കള്ളവോട്ട് സി.പി.എമ്മിന് ആചാരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കള്ളവോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സിയും വ്യക്തമാക്കി. അരനൂറ്റാണ്ടായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുവെന്നും കൂത്തുപറമ്പിലെ 40, 41 ബൂത്തുകളിലെ സി.സി.ടി.വി പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

നീതിപൂര്‍വമായ രീതിയില്‍ തിരഞ്ഞെടുപ്പു നടത്തിയാല്‍ മലബാറിലെ ഒരു മണ്ഡലത്തില്‍ പോലും സിപിഎമ്മിന് വിജയിക്കാനാവില്ല. കള്ളവോട്ട് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് കമ്മിഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടും. കള്ളവോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ റീപോളിങ് നടത്തമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പഞ്ചായത്തിലെയും ബൂത്തുകളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം. ഇവിടങ്ങളില്‍ ക്രമാതീതമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ധൈര്യമുണ്ടോ? ജനാധിപത്യത്തോട് അല്‍പ്പമെങ്കിലും കൂറുണ്ടെങ്കില്‍ മൗനം വെടിഞ്ഞ് ഇരുവരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top