ജൻഡർ ന്യൂട്രൽ യൂണിഫോം വിവാദം; ലിംഗ സമത്വത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് എംകെ മുനീർ

കോഴിക്കോട് : എം എസ് എഫ് വേദിയിലെ വിവാദ പ്രസംഗത്തെ കുറിച്ച് പ്രതികരിച്ച് എം കെ മുനീർ. ലിംഗ സമത്വത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പി എമ്മിന്റെ ഘടന.

ആൺവേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അർഥത്തിൽ ആണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക എന്ന ഉദേശ്യത്തിൽ അല്ല പറഞ്ഞതെന്നും എം കെ മുനീർ വിശദീകരിക്കുന്നു.

സിപിഎം പാഠ്യ പദ്ധതിയിൽ മതനിരാസം ഒളിച്ചുകടത്തുകയാണ്. മതമില്ലാത്ത ജീവൻ എന്നതിനെ മറ്റൊരു രൂപത്തിൽ കൊണ്ടുവരുന്നു. മത വിശ്വാസികൾക്ക് സി പി എമ്മിൽ ഇടമില്ല. കെ.ടി ജലീലിനെ പാർട്ടിക്ക് പുറത്ത് നിർത്തുന്നതിന്‍റെ കാരണം മറ്റെന്തെന്നും മുനീർ ചോദിച്ചു

സി പി എമ്മുമായി ആശയപരമായി ചേർന്നുപോകാനാകില്ല. സിപിഎമ്മിന്റേയും ലീഗിന്റേയും ആശയങ്ങൾ വ്യത്യസ്തം ആണ്. രണ്ട് ആശയങ്ങളും രണ്ട് ധ്രുവങ്ങളിൽ ഉള്ളെതെന്നും മുനീർ പ്രതികരിച്ചു. ഇന്നലെ എം എസ് എഫ് വേദിയിലാണ് ലിംഗസമത്വ യൂണിഫോമിനെതിരെ മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ സംസാരിച്ചത്

Top