‘പാന്‍റും ഷര്‍ട്ടും അടിച്ചേല്‍പ്പിക്കരുത്’; മുനീര്‍ വളരെ പ്രോഗ്രസീവായി ചിന്തിക്കുന്നയാൾ: വി ഡി സതീശന്‍

തിരുവനന്തപുരം: അതിതീവ്ര മഴയുടെയും മണ്ണിടിച്ചിലിന്റെയും സാഹചര്യത്തിൽ സർക്കാർ നടത്തുന്ന എല്ലാ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും പൂർണ്ണമായ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് പ്രവർത്തകർ സന്നദ്ധപ്രവർത്തകരായി രംഗത്തെത്തി ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കണം. അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനും രക്ഷാപ്രവർത്തനത്തനത്തിൽ ഏർപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ യുഡിഎഫ് പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.

എല്ലാ സ്ഥലങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരുമായും ദുരിതാശ്വാസ പ്രവർത്തകരുമായും യുഡിഎഫ് പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മധുവിന്റെ കൊലപാതക കേസ് പൂർണ്ണമായും അട്ടിമറിക്കുന്നതിന് സർക്കാർ കൂട്ടു നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആദ്യം രണ്ട് പ്രോസിക്യൂട്ടർമാരെ നിയമിച്ചു. അവർക്ക് യാതൊരു സൗകര്യവും കൊടുക്കാത്തതുകൊണ്ട് അവർ നിർത്തിപ്പോയി. പിന്നെ ഒരാളെ പ്രോസിക്യൂട്ടറായി നിയമിച്ചു. വ്യാപകമായ സാക്ഷികളുടെ കൂറുമാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനുശേഷം പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മതന്നെ പരാതിപ്പെട്ടു.

യുണിഫോമിന്റെ പേരിൽ ഒരു വസ്ത്രം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. യൂണിഫോം ഒരു പാറ്റേണാണ്. പാന്റും ഷർട്ടും ഇടണമെന്ന് അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്. ജൻഡർ ജസ്റ്റീസിനകത്ത് അടിച്ചേൽപ്പിച്ചാൽ അത് എങ്ങനെ ജൻഡർ ജസ്റ്റീസ് ആകുന്നത്. അവരവർക്ക് കൺഫർട്ടബിളായത് ധരിക്കാം. അതല്ലേ ഫ്രീഡം. ഇത്തരം കാര്യങ്ങളിൽ ഡോ. മുനീർ വളരെ പ്രോഗ്രസീവായാണ് ചിന്തിക്കുന്നത്. അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ് ട്രാൻസ് ജെൻഡർ പോളിസി ഇന്ത്യയിലാധ്യമായി കൊണ്ടുവന്നത്. അത് വളരെ വിപ്ലവകരമായ ഒരു മാറ്റമായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Top