പണിയെടുത്ത് ജീവിക്കാൻ സമൂഹം സമ്മതിക്കുന്നില്ല ; കണ്ണീരോടെ സജന ഷാജി

കൊച്ചി : പണിയെടുത്ത് ജീവിക്കാൻ സമൂഹം അനുവദിക്കുന്നില്ല. ഞങ്ങൾ ഇനി എന്ത് ചെയ്യുമെന്ന് ചോദിച്ച് കണ്ണീരോടെ സജന ഷാജി. കഴിഞ്ഞ ദിവസമാണ് ട്രാൻസ്ജെന്റർ ആയ സജന ഷാജി കരഞ്ഞു കൊണ്ട് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. സമൂഹത്തിൽ തങ്ങളെ ആരും ജീവിക്കാൻ അനുവദിക്കുന്നില്ല, ഇനി എന്ത് ചെയ്യണമെന്നറിയില്ല , ഇനി നിങ്ങൾ പറയു ഞാൻ എന്ത് ചെയ്യണം എന്നാണ് സജന വീഡിയോയിലൂടെ സമൂഹത്തോട് ചോദിക്കുന്നത്.

കാക്കനാട്-തൃപ്പൂണിത്തുറ ബൈപ്പാസിലെ വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയാണ് സജന അടക്കമുള്ള അഞ്ച് ട്രാൻസ്ജൻഡർമാർ. വളരെ നല്ല രീതിയിൽ ബിരിയാണിയും ഊണുമെല്ലാം ഉണ്ടാക്കി കൊച്ചു കൊച്ചു പൊതികളിലാക്കി വിറ്റ്  ഉപജീവനം നടത്തി വരികയായിരുന്നു ഇവർ. എന്നാൽ ഇവർ കച്ചവടം നടത്തുന്നതിന് തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജന അടക്കമുള്ളവരുടെ കച്ചവടം തടസ്സപ്പെടുത്താൻ ശ്രമിച്ചു. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ലിംഗവിവേചനം പറഞ്ഞ് പരസ്യമായി സജനയേയും ഒപ്പമുള്ളവരെയും ഇവർ അപമാനിച്ചു.

ഈ അധിക്ഷേപങ്ങൾ സജനയെ മാനസീകമായി തളർത്തിയിരുന്നു. പ്രശ്‌നങ്ങൾ മുഴുവൻ സജന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കുറച്ച് ദിവസമായി തങ്ങളെ മാനസികമായി ഇവർ പീഡിപ്പിക്കുകയാണെന്ന് സജന കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വിഷയത്തിലിടപെടാൻ പൊലീസ് വിസമ്മതിച്ചുവെന്നും സജന പറയുന്നു. സജന അടക്കമുള്ള 5 പേരുടെയും ആകെയുള്ള ജീവിതമാർഗ്ഗമാണ് ഈ കച്ചവടം. അതാണ് ഇപ്പോൾ വഴി മുട്ടി നിൽക്കുന്നത്.

“കഴിഞ്ഞ ദിവസം ഉണ്ടാക്കികൊണ്ടുപോയ ഭക്ഷണം മുഴുവൻ ബാക്കി ആയി. 20 ഊണും, 150 ബിരിയാണിയുമാണ് ഉണ്ടാക്കിയത്. ഇതിൽ നിന്ന് ആകെ വിറ്റ് പോയത് 20 ബിരിയാണി മാത്രമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നാളെ സാധനമെടുക്കാൻ പോലും പണമില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി, കുടുക്ക വരെ പൊട്ടിച്ചാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്. ആരോടും പോയി പറയാനില്ല. ആരുമില്ലേ ഞങ്ങൾക്ക് ? ഞങ്ങൾ ഇങ്ങനെയൊക്കെ ആയി പോയത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. സമൂഹത്തിൽ അന്തസായി ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്. രാത്രികാലങ്ങളിൽ തെരുവിലും, ട്രെയിനിൽ ഭിക്ഷ ചോദിക്കാനുമൊന്നുമൊക്കെയല്ലേ പറ്റുള്ളു. നിങ്ങളൊക്കെ ചോദിച്ചല്ലോ ജോലിയെടുത്ത് ജീവിച്ചൂടെ എന്ന്. ജോലി എടുത്ത് ജീവിക്കാൻ നിങ്ങളൊന്നും സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണം ? നിങ്ങൾ തന്നെ പറയു ” എന്നാണ് സജ‌ന സോഷ്യൽ മീഡിയയിലെ ലൈവിലൂടെ കരഞ്ഞു കൊണ്ട് പറഞ്ഞത്.

സജനയുടെ ഈ വീഡിയോ ഇപ്പോൾ വലിയ ചർച്ച മാറിക്കൊണ്ടിരിക്കുകയാണ് . നിരവധി പേരാണ് ഇ എവിടെയോ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരിക്കുന്നത് . അതേസമയം പ്രശ്‌നത്തിൽ ഇടപെട്ട് നടപടികളെടുത്ത് തങ്ങൾക്ക് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് സജന.

Top