ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു;എ കെ ബാലന്‍

ak balan

തൃശ്ശൂര്‍: ഗീതാ ഗോപി എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് മന്ത്രി എ കെ ബാലന്‍. ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുനെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ക്കെതിരെ പൊതു സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണം പരിശോധിച്ച് ഉചിത നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം വൈകൃതങ്ങള്‍ ഉള്ളതിനാലാണ് നവോത്ഥാന മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഇടതുപക്ഷം പറയുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് യൂത്ത് കോണ്‍ഗ്രസ് ആയാലും ഇടതു പക്ഷമായാലും അംഗീകരിക്കാനാവില്ലെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.

ചേര്‍പ്പ്-തൃപ്രയാര്‍ റോഡ് നന്നാക്കാത്തതിന് ഉത്തരവാദി എംഎല്‍എയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം നാട്ടുകാര്‍ ഗീതയെ തടഞ്ഞിരുന്നു. ഈ റോഡില്‍ ഒരു അപകടം ഉണ്ടായതിനു പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗീത പി.ഡബ്ല്യൂ.ഡി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പി ഡബ്ലൂ ഡി ഉദ്യോഗസ്ഥരും എംഎല്‍എയും തമ്മില്‍ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ച നടത്തുകയും ചെയ്തു.

എംഎല്‍എ പോയതിനു ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എംഎല്‍എ നടത്തുന്നത് നാടകമാണെന്ന് ആരോപിക്കുകയും ഗീത കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധസമരം നടത്തുകയും ചെയ്യുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായ തന്നെ ജാതീയമായി അധിക്ഷേപപിച്ചു എന്നാണ് ഗീതയുടെ പരാതി. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും എം എല്‍ എ പരാതി നല്‍കും.

Top