നബിക്കെതിരെ ഉണ്ടായ പരാമർശത്തിൽ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ഗീർത് വൈൽഡേഴ്‍സ്

ആംസ്റ്റർഡാം: പ്രവാചകനെതിരെ ഉണ്ടായ പരാമർശത്തിൽ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് നെതർലൻഡ് നിയമസഭാംഗം ഗീർത് വൈൽഡേഴ്‍സ്. പ്രവാചകനെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിൽ ഇന്ത്യ എന്തിനാണ് മാപ്പു പറയുന്നതെന്നും പ്രീണന രാഷ്ട്രീയം കാര്യങ്ങൾ വഷളാക്കുകയുള്ളുവെന്നും പാർട്ടി ഫോർ ഫ്രീ‍ഡം നേതാവായ ഗീർത് വൈൽഡേഴ്‌സ് ട്വീറ്റ് ചെയ്‌തു. പ്രവാചകനെതിരെ ബിജെപി വക്താവ് നൂപുർ ശർമയും ബിജെപി ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലയുള്ള നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന നിലപാടിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഗീർത് വൈൽഡേഴ്‌സിന്റെ പ്രതികരണം.

ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളെ, മുസ്‌ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുൻപിൽ നിങ്ങൾ അടിപതറരുത്. സ്വാതന്ത്ര്യത്തിനായി നിലകൊള്ളൂ, നൂപുർ ശർമയെ കുറിച്ച് അഭിമാനിക്കാനും അവർക്കൊപ്പം നിൽക്കാനും ഗീർത് വൈൽഡേഴ്‌സ് ആഹ്വാനം ചെയ്‌തു. കുടിയേറ്റ, ഇസ്‌ലാംവിരുദ്ധ തീവ്രനിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് ഗീർത് വൈൽഡേഴ്‍സ്. നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്‌തുവെങ്കിലും ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന നിലപാടിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉറച്ചു നിൽക്കുകയായിരുന്നു.

Top