ഗിയര്‍ ബോക്‌സ് തകരാര്‍: ഹൈനസിനെ സര്‍വീസിനായി തിരികെ വിളിച്ച് ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഹൈനസ് സിബി350നെ 2020 സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്.ഇപ്പോഴിതാ ചില സാങ്കേതിക തകരാറുമൂലം സര്‍വീസിനായി സിബി350നെ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ട്.

2020 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള ബൈക്കുകളാണ് സര്‍വീസിനായി എത്തിക്കേണ്ടത്. എന്നാല്‍, എത്ര ബൈക്കുകളാണ് ഈ സമയത്തില്‍ നിര്‍മിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബൈക്കിന്റെ ഗിയര്‍ബോക്സില്‍ കണ്ടെത്തിയ തകരാറിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഈ തകരാര്‍ വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ബിഗ്വിങ്ങ് ഡീലര്‍ഷിപ്പുകളില്‍ സര്‍വീസ് ക്യാമ്പ് ഒരുക്കുന്നുണ്ടെന്നാണ് ഹോണ്ട അറിയിച്ചിട്ടുള്ളത്. സൗജന്യമായായിരിക്കും ഗിയര്‍ബോക്സിലെ ഈ തകരാര്‍ പരിഹരിച്ച് നല്‍കുന്നതെന്നും ഹോണ്ട ഉറപ്പ് നല്‍കുന്നു. മാര്‍ച്ച് 23-ാം തിയതി മുതലാണ് ഹൈനസ് ബൈക്കുകള്‍ സര്‍വീസിനായി എത്തിക്കേണ്ടത്.

2020 സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്.ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളില്‍ ഹൈനസ്-സിബി350 ലഭ്യമാണ്.

Top