ഗാസിപുരിലെ സമര കേന്ദ്രത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഗാസിപുരിലെ കര്‍ഷകസമര കേന്ദ്രത്തില്‍നിന്ന് ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം. രാത്രി സ്ഥലത്തെ വൈദ്യുതിയും വിച്ഛേദിച്ചു. രണ്ടു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം. അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുന്ന നിലപാടിലാണ് ഡല്‍ഹി പൊലീസും. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാല്‍ സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്താനാണ് പൊലീസ് ആലോചന.

ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷകനേതാക്കള്‍ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. മേധാ പട്കര്‍ ഉള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്കെതിരെയാണ് പൊലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

കര്‍ഷക നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നത്തിന്റെ ഭാഗമായി കൂടിയാണ് പുതിയ നീക്കം. പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് അന്വേഷണം വിപുലീകരിച്ചു. 19 പേര്‍ ഇതുവരെ അറസ്റ്റിലായി. നേതാക്കളെ അറസ്റ്റ് ചെയ്താല്‍ അത് സമരത്തിന്റെ ഗതി തന്നെ മാറ്റുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. അതേസമയം തിങ്കളാഴ്ച ആഹ്വാനം ചെയ്ത പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ചത് തിരിച്ചടി അല്ലെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍.

Top