ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടലിലേക്ക്

ഗാസ: ഗാസ സിറ്റിയിലെ അല്‍-അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടല്‍ വക്കിലാണ്. ഗാസയില്‍ ഇസ്രയേല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതോടെ അവശ്യ വസ്തുക്കളുടെ ലഭ്യതയ്ക്ക് പ്രദേശത്ത് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഭക്ഷണവും വെള്ളവും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ജനങ്ങള്‍ വലയുന്ന ചിത്രമാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്നത്. ഇതിനിടെയാണ് ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ സെന്റര്‍ കടുത്ത പ്രതിസന്ധി നേരിടുന്നത്. ആശുപത്രിയിലേക്കുള്ള അടിസ്ഥാന വസ്തുക്കളുടെ വിതരണം നിലച്ചതും ആവശ്യമായ മരുന്നുകള്‍ ലഭിക്കാത്തതുമാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്നാണ് ടര്‍ക്കിഷ്-പലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.സുകെക് വ്യക്തമാക്കുന്നത്.

അവശ്യ സേവനങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ റേഡിയോളജി പോലുള്ളവ ഇതിനോടകം നിര്‍ത്തേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ 9000ത്തിലധികം ക്യാന്‍സര്‍ രോഗികളുണ്ടെന്നാണ് ഈ വര്‍ഷമാദ്യം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. അവശ്യ വസ്തുക്കളും അവശേഷിക്കുന്ന ഇന്ധനവും കൂടി തീര്‍ന്നാല്‍ ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാകും. തീവ്രപരിചരണ വിഭാഗങ്ങളില്‍ ഇന്ധനവും ഓക്സിജന്‍ മെഷീനുകളും അധികമായി വേണം. അതും ഉടന്‍ തീര്‍ന്നാല്‍ ആശുപത്രി പൂര്‍ണമായും അടച്ചുപൂട്ടേണ്ട നിലയിലെത്തും.

Top