ഗാസയിലെ ബേക്കറിയില്‍ വന്‍ തീപിടിത്തം; 9 പേര്‍ മരിച്ചു,60 പേര്‍ക്ക് പരിക്ക്‌

ഗാസ: അധിനിവേശ ഗാസ മുനമ്പിലെ ബേക്കറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പലസ്തീന്‍കാര്‍ മരിച്ചു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേരുടെ നിലയും ഗുരുതരമാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സെന്ററല്‍ ഗാസയിലെ നൂസിയറാത് ക്യാമ്പിലെ ബേക്കറിയില്‍ വന്‍ സ്‌ഫോടനത്തിനു പിന്നാലെയാണ് തീ ആളിപ്പടര്‍ന്നത്. തീ സമീപത്തെ കടകളിലേക്കും ഫാക്ടറികളിലേക്കും പടര്‍ന്നു. നിരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും തീ പിടിച്ചു.

ബേക്കറിയിലെ പാചകവാതക സിലണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. തീ പിടിത്തത്തില്‍ ബേക്കറിയിലെ നിരവധി ഗ്യാസ് സിലണ്ടറുകളും പൊട്ടിത്തെറിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനയ്ക്കു തീയണയ്ക്കാനായത്. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണ സഹായം നല്‍കുമെന്ന് ഗാസ അധികൃതര്‍ അറിയിച്ചു.

മെഡിറ്ററേനിയന്‍ കടലിനരികില്‍ 140 ചതുരശ്ര മൈല്‍ (365 ചതുരശ്ര കിലോമീറ്റര്‍) വിസ്തൃതിയുള്ള പലസ്തീന്‍ എന്‍ക്ലേവായ ഗാസയില്‍ ഏകദേശം 20 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്.

Top