gauthami criticises narendra modi in thamilnadu

ചെന്നൈ: തമിഴ്‌നാടിന്റെ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണെന്ന് നടി ഗൗതമി. തന്റെ ബ്ലോഗിലാണ് ഗൗതമി മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളും ദുരൂഹതയും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതമി ഡിസംബറില്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ പോലും മോദി തയാറായില്ലെന്നും ഗൗതമി കുറ്റപ്പെടുത്തി.

തമിഴ്‌നാടിന്റെ ആശങ്കകള്‍ മോദി അവഗണിച്ചു. ഡിജിറ്റലൈസേഷന്റെ ചാംപ്യനെന്ന് അവകാശപ്പെടുകയും സോഷ്യല്‍മീഡിയയെ ഏറ്റവും നന്നായി ഉപയോഗിക്കുകയും ചെയ്ത മോദി താന്‍ അയച്ച കത്തിനോട് പ്രതികരിക്കാന്‍ പോലും തയാറായില്ല. അതീവ ദു:ഖത്തോടെ ഒരു പൗരന്‍ ഉന്നയിക്കുന്ന ചോദ്യം എങ്ങനെ അപ്രധാനമാകുമെന്നും അവര്‍ ചോദിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനമായ തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണന അര്‍ഹിക്കുന്നില്ലെന്നാണോ എന്നും അവര്‍ ചോദിക്കുന്നു. ‘ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം നിഷേധിക്കുന്നതും അമ്മയ്ക്ക്(തലൈവി) നീതി നിഷേധിക്കുന്നതും തമിഴ്‌നാടിനെ തന്നെ അവഗണിക്കുന്നതിന് തുല്യമാണെന്നും’ ഗൗതമി പറയുന്നു.

രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കുമെന്ന് ഉറപ്പ് നല്‍കിയ നേതാവ് ഇവിടുത്തെ ഒരു പൗരന്‍ ഒരു ചോദ്യം ഉന്നയിച്ച് കത്ത് നല്‍കിയാല്‍ അത് അവഗണിക്കുന്നത് നിരാശാജനകമാണെന്നും ഗൗതമി പറയുന്നു.

ഡിസംബര്‍ എട്ടിനായിരുന്നു ഗൗതമി മോദിക്ക് കത്തയച്ചത്. പിന്നീട് അവര്‍ തന്റെ ബ്ലോഗിലും കത്ത് പോസ്റ്റ് ചെയ്യുകയുണ്ടായി.

Top