വിജയ്ക്ക് പറ്റിയ തിരക്കഥയുമായി സമീപിച്ചാല്‍ സഹകരിക്കുമെന്നുറപ്പുണ്ട്; ഗൗതം വാസുദേവ്

താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച തെന്നിന്ത്യയുടെ സ്വന്തം സംവിധായകരിലൊരാളാണ് ഗൗതം വാസുദേവ് മേനോന്‍. ത്രില്ലര്‍ ചിത്രമായ എന്നെ നോക്കി പായും തോട്ടയുമായാണ് അദ്ദേഹം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. വിജയിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇതുവരെ സാധിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

വിജയിക്കൊപ്പമുള്ള സിനിമ യാഥാര്‍ത്ഥ്യമാവാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിജയ് യുമായി നിരവധി തവണ സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തൃപ്തി തോന്നുന്ന തരത്തിലുള്ള കഥകളൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന് പറ്റിയ തിരക്കഥയുമായി സമീപിച്ചാല്‍ അദ്ദേഹം സഹകരിക്കുമെന്നുറപ്പുണ്ട്. വിജയുമൊത്തൊരു സിനിമ സംഭവിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു.

അജിത്തുമായി സിനിമ ചെയ്തതിനെപ്പറ്റിയും ഗൗതം വ്യക്തമാക്കി. റീമേക്ക് ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ആദ്യമായി തന്നെ സമീപിച്ചത്. ആ സമയത്താണ് യെന്നെ അറിന്താല്‍ നടന്നത്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹവും സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ആ സിനിമ ചെയ്തത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ഇത്. മികച്ച പ്രകടനമായിരുന്നു അജിത് പുറത്തെടുത്തത്. ഷൂട്ടിംഗ് അനുഭവം സുഖകരമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

Top