വരാൻ പോകുന്നത് നയൻതാരയുടെ ജീവിത കഥയെന്ന് ഗൗതം മേനോൻ

ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷിന്റെയും വിവാഹം നെറ്റ്ഫ്ലിക്സിലൂടെ സംപ്രേഷണം ചെയ്യുമെന്ന വാർത്ത ആവേശത്തോടെയായിരുന്നു ജനങ്ങൾ ഏറ്റെടുത്തത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. ജൂണ്‍ 9ന് മഹാബലിപുരത്തെ സ്വപ്നസമാനമായ ചടങ്ങില്‍ വച്ചായിരുന്നു കല്യാണം. വിവാഹത്തിന്റെ അപൂര്‍വം കുറച്ചു ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും വീഡിയോ ഒന്നും വന്നിരുന്നില്ല. വിവാഹത്തിന്റെ വീഡിയോ സംപ്രേഷണം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരുന്നത്.

ഒരു ഡോക്യുമെന്ററി പോലെയായിരിക്കും അത് ആരാധകരിലേക്ക് എത്തുന്നതെന്ന് വീഡിയോ ഒരുക്കുന്ന സംവിധായകന്‍ ഗൗതം മേനോന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നയൻ താരയുടെ വിവാഹ വീഡിയോ മാത്രമല്ല, മറിച്ച് നടിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു ഡോക്യുമെന്ററിയാണ് താൻ സംവിധാനം ചെയ്യുന്നതെന്നും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത് ഈ ഡോക്യുമെന്ററി ആയിരിക്കുമെന്നും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ഗൗതം മേനോൻ. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയിൽ നയൻതാരയുടെ കുട്ടിക്കാല ഓര്‍മകളും ഫോട്ടോകളും സിനിമാ ലോകത്തെ യാത്രയും വിവാഹ നിമിഷങ്ങളും ഉണ്ടാവുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

”പലരും ആദ്യം വിചാരിച്ചത് അവരുടെ വിവാഹ സിനിമ ഞാനാണ് സംവിധാനം ചെയ്യുന്നതെന്നാണ്. എന്നാൽ നയൻതാരയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് അത്. ഒരു കാരണത്താലാണ് അവളെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുവിളിക്കുന്നത്. അതിന് അനുസരിച്ചാണ് വീഡിയോ ഒരുക്കുന്നത്. കുട്ടിക്കാലത്തെ നയന്‍സിന്‍റെ ഒരു പാട് ഫോട്ടോകളും വീഡിയോകളും നിങ്ങൾക്ക് കാണാൻ കഴിയും. വിഘ്‌നേഷും ഇതിന്റെ ഭാഗമാണ്. ഞങ്ങൾ ഇപ്പോഴും അതിന്റെ ജോലിയിലാണ്” ഗൗതം പറഞ്ഞു.

Top