ലിയോയില്‍ ഗൗതം മേനോന്‍ പൊലീസ്; ഫോട്ടോ ലീക്കായി

ലോകേഷ് കനകരാജിന്റെ നായകനായി വിജയ്യെത്തുന്ന ചിത്രമാണ് ലിയോ. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.വിജയ് മാത്രമല്ല ഒട്ടേറെ വമ്പന്‍ താരങ്ങള്‍ ലിയോയിലുണ്ട്. ഒക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്. ലിയോയിലെ പ്രധാനപ്പെട്ട ഒരു താരത്തിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍.

സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും വിജയ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. ലിയോയുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോ ലീക്കായിരിക്കുകയാണ് ഇപ്പോള്‍. ഗൗതം വാസുദേവ് മേനോന്‍ പൊലീസുകാരനായിട്ടാണ് ഫോട്ടോയില്‍ ഉള്ളത്. ഗൗതം പൊലീസുകാരനായി ലിയോയിലെത്തുമ്പോള്‍ വിജയ്‌യുടെ കഥാപാത്രം എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.

ലിയോ എന്ന ടൈറ്റില്‍ റോളില്‍ തന്നെയാണ് വിജയ് എത്തുന്നതെങ്കിലും ലോകേഷ് കനകരാജ് ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രക്തച്ചൊരിച്ചിലിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററുകളില്‍ നിന്നുള്ള കഥാപാത്രത്തിന്റെ സൂചനകളില്‍ നിന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നതും ചര്‍ച്ചയായതും ലിയോയിലെ നായകനായ വിജയ് മാഫിയ തലവനായിരിക്കും എന്ന നിലയിലാണ്. സഞ്ജയ് ദത്തും അര്‍ജുനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. അര്‍ജുന്‍ ഹരോള്‍ഡ് ദാസായി എത്തുമ്പോള്‍ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആന്റണി ദാസ് ആണ്.

ലിയോയില്‍ തൃഷയാണ് വിജയ്‌യുടെ നായിക. മിസ്‌കിന്‍, ബാബു ആന്റണി, മാത്യു തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വിജയ്‌യ്ക്കും തൃഷയ്ക്കും ഒപ്പം ലിയോയില്‍ വേഷമിടുന്നു.

Top