ഗൗതം മേനോൻ സിനിമ ‘വെന്ത് തനിന്തതു കാട്’ സെപ്തംബറിലെത്തും; ചിമ്പുവാണ് നായകൻ

തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിവിഎം ചിത്രമായ ‘വെന്ത് തനിന്തതു കാട്’ സെപ്റ്റംബര്‍ 15ന് ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിമ്പു നായക വേഷത്തിലെത്തുന്ന സിനിമയുടെ സെൻസറിങ് പൂർത്തിയായി. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘മല്ലിപ്പൂ’ എന്ന മനോഹരമായ ഒരു ഗാനത്തിന്റ ലിറിക്കല്‍ വീഡിയോ അടുത്തിടെ ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരുന്നു. എ ആര്‍ റഹ്‍മാൻ ആണ് സംഗീത സംവിധായകൻ. ‘വെന്ത് തനിന്തത് കാടി’ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിവിധ വാര്‍ത്താവൃത്തങ്ങളെ അടിസ്ഥാനമാക്കി സിനിമാ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്.

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ ‘അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. ‘ഉറിയടി’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.

Top