നികുതി വെട്ടിച്ച് 142 കാര്‍ ഇറക്കുമതി ചെയ്തു; ഗൗതം സിംഘാനിയയ്ക്ക് ഡി.ആര്‍.ഐയുടെ 328 കോടി പിഴ

വിദേശ നിര്‍മിത കാര്‍ ഇറക്കുമതി ചെയ്തതില്‍ നികുതി വെട്ടിപ്പ് നടത്തിയതിന് റെയ്മണ്ട് ഗ്രൂപ്പ് മേധാവി ഗൗതം സിംഘാനിയയ്ക്ക് കോടികള്‍ പിഴയിട്ട് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജെന്‍സ് (ഡി.ആര്‍.ഐ). 142 വിന്റേജ് കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചതിന് 328 കോടി രൂപയാണ് സിംഘാനിയയ്ക്ക് പിഴയിട്ടിരിക്കുന്നത്. വെട്ടിപ്പ് നടത്തിയ തുകയും പലിശയും ഉള്‍പ്പെടെയാണ് ഈ പിഴ. ഗൗതം സിംഘാനിയ-നവാസ് മോദി വിവാഹമോചന കേസുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഡി.ആര്‍.ഐ. ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡി.ആര്‍.ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഗൗതം സിംഘാനിയയുടെ കൈവശം 138 വിന്റേജ് കാറുകളും സോത്ത്‌ബൈസ്, ബാരറ്റ്-ജാക്‌സണ്‍, ബോണ്‍ഹാംസ് തുടങ്ങിയ പ്രശസ്ത ലേല സ്ഥാപനങ്ങളില്‍ നിന്ന് സ്വന്തമാക്കിയ നാല് പ്രത്യേകം തയാറാക്കിയ വാഹനങ്ങളുമുണ്ടെന്നാണ് വിവരം. യു.എ.ഇ, ഹോങ്കോങ്, യു.എസ്. എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ വാഹനങ്ങള്‍ വില കുറച്ച് കാണിച്ചാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നതെന്നും 229.7 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

251.5 ശതമാനമാണ് ആഡംബര വിന്റേജ് കാറുകളുടെ ഇറക്കുമതി തീരുവ. പല വിദേശ കമ്പനികളുടെ ഇന്‍വോയിസുകള്‍ ഉപയോഗിച്ച് ഇറക്കുമതി ചെയ്തതിലൂടെ ഇവയില്‍ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 2018 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് സിംഘാനിയ ലേലം ചെയ്ത കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. മുംബൈയിലുള്ള അദ്ദേഹത്തിന്റെ ജെ.കെ. ഹൗസില്‍ കാര്‍ മ്യൂസിയം നടത്താനായിരുന്നു കടുത്ത വാഹനപ്രേമിയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയെന്നാണ് ഡി.ആര്‍.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാഹനങ്ങളുടെ യഥാര്‍ഥ മൂല്യം അറിയാമായിരുന്നിട്ടും വാഹനം ഇറക്കുമതി ചെയ്യുന്നതിനായി കംസ്റ്റസില്‍ ഉള്‍പ്പെടെ കൃത്രിമ ഇന്‍വോയിസ് നല്‍കിയെന്നാണ് ഡി.ആര്‍.ഐ. റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി മനപ്പൂര്‍വ്വം യഥാര്‍ഥ വില മറച്ചുവയ്ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഡി.ആര്‍.ഐയുടെ തെറ്റായ വിലയിരുത്തലാണെന്നാണ് ഗൗതം സിംഘാനിയ വാദിച്ചത്.

ഇന്ത്യയില്‍ ഏറ്റവും വലിയ വാഹനശേഖരമുള്ള വ്യവസായികളില്‍ ഒരാളാണ് സിംഘാനിയ. മസരാറ്റി എം.സി.20, മക്‌ലാരന്‍ 720 എസ്, മക്‌ലാരന്‍ 570 എസ്, ഫെരാരി 488 പിസ്റ്റ, ഫെരാരി 296 ജി.ടി.ബി, ഫെരാരി 458 ഇറ്റാലിയ, ഫെരാരി 458 ചലഞ്ച്, ഫെരാരി എസ്.എഫ്90 സ്ട്രാഡാസ്, ഫോര്‍ഡ് റാട്രോഡ്, പോണ്ടിയാക് ഫയര്‍ബേര്‍ഡ് ട്രാന്‍സാം, ലോട്ടസ് എലിസ്, ഹോണ്ട് എസ്200 തുടങ്ങി നിരവധി ആഡംബര സ്‌പോര്‍ട്‌സ് കാറുകളും വിന്റേജ് കാറുകളുമാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.

Top