ധോണി അങ്ങനെ പറഞ്ഞതിനാല്‍ മനസ് മാറി; സെഞ്ചുറി നഷ്ടമായതിനെക്കുറിച്ച് ഗൗതം ഗംഭീര്‍

വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന 2011 ലെ ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നഷ്ടമായതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍. ഫൈനല്‍ മത്സരത്തില്‍ 97 റണ്‍സെടുത്താണ് ഗൗതം ഗംഭീര്‍ പുറത്തായത്. അന്ന് സെഞ്ചുറി നഷ്ടപ്പെട്ടുപോയത് വാര്‍ത്തയായിരുന്നു.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെഞ്ചുറി നഷ്ടപ്പെട്ടതിനെപ്പറ്റി ഗൗതം തുറന്ന് പറഞ്ഞിരിക്കുന്നത്.

ആ സെഞ്ചുറി നഷ്ടത്തെക്കുറിച്ച് പല സ്ഥലങ്ങളിലും ഈ ചോദ്യം നേരിട്ടിട്ടുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ”97 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ എനിക്ക് എന്താണു പറ്റിയതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഞാന്‍ 97 റണ്‍സ് നേടി നില്‍ക്കുകയായിരുന്നു. ശ്രീലങ്കയെ തോല്‍പ്പിക്കുക എന്നതു മാത്രമായിരുന്നു മനസില്‍. വ്യക്തിഗത നേട്ടത്തെ കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് ബാറ്റ് വീശിയത്.

ഒരു ഓവര്‍ അവസാനിച്ചപ്പോള്‍ ധോണി എന്റെ അരികിലെത്തി. ‘മൂന്ന് റണാണ് വേണ്ടത്. അത് കൂടി നേടൂ, സെഞ്ച്വറി സ്വന്തമാക്കൂ’ എന്ന് ധോണി എന്നോട് പറഞ്ഞു. ഇതോടെ വ്യക്തിഗത സ്‌കോറിലേക്കു മനസ്സ് മാറി. അതിനു മുന്‍പ് എന്റെ എല്ലാ ലക്ഷ്യവും ശ്രീലങ്കയ്ക്കെതിരായ വിജയത്തില്‍ മാത്രമായിരുന്നു. അങ്ങനെ ചിന്തിച്ചതാണ് 43-ാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം.” ഗംഭീര്‍ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ വിജയത്തില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധയെങ്കില്‍ എനിക്ക് സെഞ്ചുറി തികയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഗംഭീര്‍ കുട്ടിച്ചേര്‍ത്തു.

Top