ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ്; ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഗൗതം ഗംഭീ‍ർ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് മുൻതാരം ഗൗതം ഗംഭീ‍ർ. നാല് മത്സരങ്ങളുടെ പരമ്പരയിലെ ഒന്നാം ടെസ്റ്റ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് നടക്കുക. വിരാട് കോലിയാണ് ടീമിനെ നയിക്കുന്നത്. രോഹിത് ശ‍ർമക്കൊപ്പം യുവതാരം ശുഭ്മാൻ ഗിൽ ടീമിനായി ഓപ്പൺ ചെയ്യും. മധ്യനിരയിൽ വിരാട് കോലി, ചേതേശ്വ‍ർ പൂജാര, അജിങ്ക്യ രഹാനെ എന്നിവ‍ർക്കൊപ്പം വിക്കറ്റ് കീപ്പ‍റായി റിഷഭ് പന്തും. ആറ് ബാറ്റ്സ്മാൻമാരാണ് ഗംഭീറിൻെറ സാധ്യതാ ടീമിലുള്ളത്. ടീമിൽ മടങ്ങിയെത്തിയ പേസ‍ർ ഇശാന്ത് ശ‍ർമയെ ഒന്നാം ടെസ്റ്റിൽ പരിഗണിക്കേണ്ടെന്നാണ് ഗംഭീറിൻെറ അഭിപ്രായം.

ജസ്പ്രീത് ബുംറക്കൊപ്പം യുവപേസ‍ർ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തനാണ് ഗംഭീ‍ർ ആവശ്യപ്പെടുന്നത്. ഓസ്ട്രേലിയക്കെതിരെയായിരുന്നു സിറാജിൻെറ അരങ്ങേറ്റം. ചെന്നൈയിലെ സ്ലോ പിച്ചിൽ മൂന്ന് സ്പിന്ന‍ർമാരെ ഉൾപ്പെടുത്താൻ ഗംഭീ‍ർ നിർദ്ദേശിച്ചിട്ടുണ്ട്. സീനിയർ സ്പിന്നർ ആർ അശ്വിനൊപ്പം കുൽദീപ് യാദവിനെ പരിഗണിക്കണമെന്ന് ഗംഭീ‍ർ പറയുന്നു. എന്നാൽ മൂന്നാം സ്പിന്നറായി അക്സ‍ർ പട്ടേലാണ് സാധ്യതാ ടീമിലുള്ളത്.

അക്സ‍റിനെ ബാറ്റിങിലും ഉപയോഗപ്പെടുത്താനാവും. വാഷിങ്ടൺ സുന്ദറിനെ പരിഗണിച്ചിട്ടില്ല. ശുഭ്മാൻ ഗിൽ, രോഹിത് ശ‍ർമ, ചേതേശ്വ‍ർ പുജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പ‍ർ), ആർ അശ്വിൻ, അക്സ‍ർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഗംഭീറിന്റെ സാധ്യത ടീമിൽ ഉൾപെട്ടിട്ടുള്ളത്.

Top