അബദ്ധം പറയരുത്; വിരാട് കോലിയെ ഓപ്പണറാക്കുന്നതിനെതിരെ ഗൗതം ഗംഭീര്‍

ഡൽഹി: ടി20 ലോകകപ്പ് അടുത്തിരിക്കെ പ്ലെയിംഗ് ഇലവൻ ഇന്ത്യക്ക് തലവേദനയാവുമെന്നുള്ള കാര്യത്തിൽ സംശയമൊന്നുമില്ല. കെ എൽ രാഹുൽ- രോഹിത് ശർമ സഖ്യം ഓപ്പൺ ചെയ്യാനാണ് സാധ്യത. എന്നാൽ അടുത്തിടെ വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് എന്നിവരെ ഓപ്പണർമാരായി ഇന്ത്യ പരീക്ഷിച്ചിരുന്നു. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെതിരെയാണ് കോലി ഓപ്പണറായി കളിച്ചത്. മത്സരത്തിലൂടെ താരം ടി20 കരിയറിലെ ആദ്യ സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ആറ് ടി20 മത്സരങ്ങൾ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയാണ് മത്സരം. ഈ പരമ്പരകളിൽ കോലി ഓപ്പൺ ചെയ്യുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോലിയെ ഓപ്പണറാക്കരുതെന്നാണ് ഗംഭീർ പറയുന്നത്. ”അങ്ങനെ ചിന്തിക്കുന്നത് അബദ്ധമാണ്. ഇത്തരം മണ്ടത്തരങ്ങൾ പ്രാവർത്തികമല്ല. രോഹിത് ശർമ ടീമിലുണ്ട്. പിന്നെ എങ്ങനെയാണ് കോലി ഓപ്പണറാവുക. ഓപ്പണർമാർ പത്തോവർ ബാറ്റ് ചെയ്താൽ പോലും കോലിയെ പരിഗണിക്കേണ്ടതില്ല. അപ്പോൾ സൂര്യകുമാറാണ് കളിക്കേണ്ടത്. നേരത്തെ വിക്കറ്റ് നഷ്ടമായാൽ മാത്രം കോലി ക്രീസിലെത്തിയാൽ മതി.” ഗംഭീർ പറഞ്ഞു.

Top