ധോണിക്ക് പിന്മുറക്കാരനാകേണ്ട സഞ്ജു സാംസണായാൽ മതി: ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിൽ ചെന്നൈ‌ക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം. ഇന്നലെ നടന്ന മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പഞ്ചാബ് തീർത്ത 224 റണ്‍സെന്ന കൂറ്റന്‍ റണ്‍മലയാണ് രാജസ്ഥാന്‍ മൂന്ന് പന്ത് ബാക്കി  നില്‍ക്കേ മറികടന്നത്.

മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും പ്രശംസിച്ച് രംഗത്തെത്തി. ‘അടുത്ത എംഎസ് ധോണി’യാണ് സഞ്ജുവെന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ തരൂരിന്റെ ട്വീറ്റ് പങ്കുവച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പറഞ്ഞത് ‘ആരുടെയും പിൻമുറക്കാരനാകേണ്ട ആവശ്യമില്ല’ എന്നാണ്.

തരൂർ ട്വീറ്റ് ചെയ്തത് ഇങ്ങനെ. ‘എത്ര മനോഹരമായ ജയമാണ് രാജസ്ഥാൻ റോയൽസിന്റേത്. 10 വർഷമായി എനിക്ക് സഞ്ജു സാംസണിനെ അറിയാം. 14 വയസ്സുള്ളപ്പോൾ ഞാൻ സഞ്ജുവിനോട് പറഞ്ഞിരുന്നു ഒരുദിനം നീ അടുത്ത ധോണി ആകുമെന്ന്. ഇപ്പോഴിതാ ആ ദിനം എത്തിയിരിക്കുന്നു. ഐപിഎല്ലിലെ കഴിഞ്ഞ രണ്ട് ഇന്നിങ്സിലൂടെ ഒരു ലോകോത്തര ക്രിക്കറ്റ് താരം ആഗതനായിരിക്കുകയാണ്’.
ഇത് റീട്വീറ്റ് ചെയ്ത് ഗംഭീർ കുറിച്ചത് ‘സഞ്ജു സാംസൺ ആരുടെയും അടുത്ത ആളാകേണ്ട. ഇന്ത്യൻ ക്രിക്കറ്റിന്റെ സഞ്ജു സാംസണായാൽ മതി’ എന്നാണ്.

Top