യുവതാരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ആദ്യമായി ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂര്‍ണ പരാജയമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചെങ്കിലും മത്സരത്തില്‍ യാതൊരു വിധ സ്വാധീനം ചെലുത്താനും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്കായില്ല. നേരത്തെ ഇന്ത്യക്കായി ടി20 മത്സരങ്ങളില്‍ താരം അരങ്ങേറിയിരുന്നു. ടി20യില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായിരുന്നു.

എന്നാല്‍ വെങ്കടേഷിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ . ഏകദിനം കളിക്കേണ്ട പക്വത വെങ്കടേഷിനില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ”ഏഴോ എട്ടോ ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം കണ്ടിട്ടാണ് അദ്ദേഹത്തിന് രാജ്യാന്തര വേദിയില്‍ അവസരം ലഭിച്ചത്. ഐപിഎലാണ് ടീമിലെടുക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ അദ്ദേഹത്തെ ടി20 ടീമിലേക്കു പരിഗണിക്കൂ. ടി20 ടീമിലേക്കു മാത്രം പരിഗണിക്കപ്പെടേണ്ട താരമാണ് വെങ്കടേഷ്. കാരണം അതിനപ്പുറത്തേക്കുള്ള പക്വത അവനില്ല. ഏകദിനത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ശൈലിയാണ് വേണ്ടത്.” ഗംഭീര്‍ വ്യക്തമാക്കി.

”അവനെ ടി20 മത്സരത്തില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. ഇനിയും ഏകദിന ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ വെങ്കടേഷിനെ മധ്യനിരയില്‍ കളിപ്പിക്കാന്‍ അവന്റെ ഐപിഎല്‍ ടീമിനോട് ആവശ്യപ്പെടൂ. ഐപിഎല്ലില്‍ ഇപ്പോള്‍ വെങ്കടേഷ് ഓപ്പണറാണ്. ടി20യില്‍ ഓപ്പണറായി കളിക്കുന്ന ഒരു താരത്തെ എങ്ങനെയാണ് ഏകദിനത്തില്‍ മധ്യനിരയില്‍ കളിപ്പിക്കുകയെന്ന് മനസിലാവണില്ല.” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Top