ഗൗരി ലങ്കേഷിനെ വധിച്ചത് ബി ജെ പിയെ കുരുക്കാനോ ? നേരറിയാന്‍ ഐ.ബിയും . . !

ബെംഗളുരു: മാധ്യമ പ്രവര്‍ത്തകയും സാംസ്‌കാരിക നായികയുമായിരുന്ന ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ ‘ഹിഡന്‍ അജണ്ട’ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന സംശയത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം.

ആര്‍.എസ്.എസിനെ തീവ്രമായി വിമര്‍ശിച്ച് ലേഖനമെഴുതിയതാണ് അവരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന വ്യാപകമായ സംശയം ഉയര്‍ന്നിട്ടുണ്ടെങ്കിലും ‘ ചത്തത് കീചകനെങ്കില്‍, കൊന്നത് ഭീമന്‍ ‘ തന്നെ എന്ന് ഉറപ്പിക്കുമെന്ന് മുന്‍കൂട്ടി കണ്ട് മറ്റേതെങ്കിലും കേന്ദ്രങ്ങള്‍ ‘പണി’ പറ്റിച്ചതാണോ എന്നതാണ് ഐ.ബി പ്രധാനമായും അന്വേഷിക്കുന്നത്.

പ്രത്യേകിച്ച് സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി വിലക്ക് ലംഘിച്ച് ബി.ജെ.പിയും യുവജന വിഭാഗവും തലസ്ഥാനത്തേക്ക് സംഘടിപ്പിച്ച ‘ചലോ ബാംഗ്ലൂര്‍ ‘ മഹാറാലിക്ക് മുന്‍പ് നടന്ന കൊലപാതകമായതാണ് ‘ഹിഡന്‍’ അജണ്ടയെ കുറിച്ചുള്ള സംശയം ഉയരാന്‍ കാരണം.

കര്‍ണ്ണാടകയില്‍ സമീപകാലത്ത് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതടക്കം മുന്‍നിര്‍ത്തി നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ തകിടം മറിക്കുകയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയുടെ ഈ കൊലപാതകം ഒരിക്കലും സംഘപരിവാര്‍ നടത്തില്ലന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

സമാനമായ സാഹചര്യത്തില്‍ എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൊലപാതകികളെ പിടികൂടാന്‍ കോണ്‍ഗ്രസ്സ് ഭരണകൂടത്തിന് കഴിയാത്തതും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

സംഘപരിവാറില്‍പ്പെട്ടവരാണ് കൊലപാതകം ചെയ്തതെങ്കില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കല്‍ ബുര്‍ഗിയുടെ കൊലയാളികളെ ഇതിനകം തന്നെ വേട്ടയാടി പിടിക്കുമായിരുന്നില്ലേ എന്നാ താണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം.

രണ്ട് കേസും സി.ബി.ഐക്ക് വിടണമെന്നതാണ് ബി.ജെ.പി ഇപ്പോള്‍ ശക്തമായി ആവശ്യപ്പെടുന്നത്.

ഗൗരി ലങ്കേഷിന്റെ ആര്‍.എസ്.എസ് വിരോധം മുതലാക്കി സംസ്ഥാനത്തെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ ചെയ്ത കൊലപാതകമായാണ് സംഘപരിവാര്‍ നേതൃത്വം സംഭവത്തെ നോക്കിക്കാണുന്നത്.

പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചരുത്തില്‍ ഇത്തരമൊരു വിഡ്ഢിത്തരം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചെയ്യില്ലെന്നാണ് കേന്ദ്ര സര്‍ക്കാറും വിലയിരുത്തുന്നത്.

അതുകൊണ്ടു തന്നെയാണ് കേസ് സി.ബി.ഐക്ക് ഇതുവരെ വിട്ടിട്ടില്ലങ്കിലും സമാന്തരമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.ബിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഐ.ബി ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ജോ. ഡയറക്ടറും സംഘവുമാണ് മരണത്തിന്റെ നിഗൂഢത തേടി ബാംഗ്ലൂരില്‍ പരക്കം പായുന്നത്.

വ്യക്തമായ തെളിവ് ലഭിച്ചാല്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി കോടതിയില്‍ നല്‍കി സി.ബി.ഐ അന്വേഷണത്തിന് കളമൊരുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമത്രെ.

ഇതിനിടെ ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പ്രതികരണം നടത്തിയ ബി.ജെ.പി എം.എല്‍.എ ഡി.എന്‍.ജീവരാജ് നേതൃത്വത്തിന് വിശദീകരണം നല്‍കി.

തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ആര്‍.എസ്.എസിനെ തീവ്രമായി ഗൗരി ലങ്കേഷ് വിമര്‍ശിച്ചത് മുന്‍ നിര്‍ത്തി ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പ്രതിക്കൂട്ടിലാക്കാന്‍ ചില ‘കറുത്ത കരങ്ങള്‍’ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെന്നാണ് ഉദ്ദേശിച്ചതെന്നാണ് എം.എല്‍.എ നല്‍കിയ വിശദീകരണത്തിലെന്നാണ് സൂചന.

റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍

Top