Gau Raksha Dal forces ‘beef tansporters’ to eat cow dung

ന്യൂഡല്‍ഹി: ബീഫ് കൊണ്ടുപോയതിന് യുവാക്കളെകൊണ്ട് ചാണകം തീറ്റിപ്പിച്ചും പശുമൂത്രം കുടിപ്പിച്ചും ഗോ രക്ഷാ ദളിന്റെ പ്രാകൃതശിക്ഷാവിധി. ഗുര്‍ഗാവണില്‍ ജൂണ്‍ പത്തിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

യുവാക്കളെ ചാണകം തീറ്റിപ്പിച്ച കാര്യം ഗുര്‍ഗാവണ്‍ ഗോ രക്ഷാ ദള്‍ പ്രസിഡണ്ട് ധര്‍മ്മേന്ദ്ര യാദവ് തുറന്നുസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മീവറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വാഹനത്തില്‍ 700 കിലോ ബീഫ് കൊണ്ടുപോയ രണ്ട് യുവാക്കളെ ഏഴ് കിലോമീറ്ററോളം ദൂരം പിന്തുടര്‍ന്ന് പിടികൂടിയാണ് ശിക്ഷ നല്‍കിയതെന്നാണ് ധര്‍മ്മേന്ദ്ര പറയുന്നത്. ‘പിടികൂടുമ്പോള്‍ അവരുടെ കാറില്‍ 700 കിലോ ബീഫ് ഉണ്ടായിരുന്നു. അവരെ ഒരു പാഠം പഠിപ്പിക്കാനാണ് ചാണകവും മൂത്രവും പാലും തൈരും വെണ്ണവും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നല്‍കിയത്.’ യാദവ് വിവിശദീകരിച്ചു.

രണ്ട് യുവാക്കള്‍ റോഡിലിരുന്ന് മിശ്രിതം ഭക്ഷിക്കുന്നതാണ് വീഡിയോയില്‍. മിശ്രിതം വേഗത്തില്‍ ഇറക്കാന്‍ വേണ്ടി യുവാക്കള്‍ വെള്ളം കുടിക്കുന്നതും വീഡിയോയിലുണ്ട്. മിശ്രിതം വിഴുങ്ങുമ്പോള്‍ ‘ഗോ മാതാ കീ ജയ്’ എന്നും ‘ജയ് ശ്രീരാം’ എന്നും അവരെകൊണ്ട് നിര്‍ബന്ധിപ്പിപ്പിച്ച് വിളിപ്പിക്കുന്നു. യുവാക്കളെ തെരുവില്‍ ഉപേക്ഷിച്ച് ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ മടങ്ങുന്നതാണ് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഒടുവിലത്തെ രംഗം. വീഡിയോ ചിത്രീകരണം അവസാനിപ്പിക്കാന്‍ ആരോ പറയുന്ന ഓഡിയോയും ദൃശ്യത്തിലുണ്ട്.

എന്നാല്‍ വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് യാദവിന്റെ പ്രതികരണം. പിന്നീട് ഈ യുവാക്കളെ ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബീഫ് നിരോധന നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ്. യുവാക്കളെ ചാണകം തീറ്റിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ ഭാക്ഷ്യം. വീഡിയോയെ കുറിച്ച് അറിവില്ലെന്നും പൊലീസ് പറഞ്ഞു.

Top