ഗ്യാസ് പമ്പുകള്‍ക്ക് നേരെ സൈബറാക്രമണം; അമേരിക്കയില്‍ മുന്നറിയിപ്പുമായി വിസ

സാന്‍ഫ്രാന്‍സിസ്‌കോ: സൈബറാക്രമണം നടത്താനിടയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹുരാഷ്ട്ര സാമ്പത്തിക സേവന സ്ഥാപനമായ വിസ. അമേരിക്കയിലെ ഗ്യാസ് പമ്പുകള്‍ക്ക് നേരെ സൈബര്‍ കുറ്റവാളികള്‍ സൈബറാക്രമണം നടത്താനിടയുണ്ടെന്നുള്ള മുന്നറിയിപ്പാണ് വിസ നല്‍കിയിരിക്കുന്നത്.

പെട്രോള്‍ പമ്പിലെ പോയിന്റ്-ഓഫ്-സെയ്ല്‍ (പി.ഒ.എസ്) ശൃംഖലയില്‍ മാല്‍വെയര്‍ സ്ഥാപിക്കാനാണ് ഇവരുടെ ശ്രമമെന്നും പെട്രോള്‍ പമ്പുടമകള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ വിസ പറഞ്ഞു. പിഓഎസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കച്ചവടക്കാര്‍ക്ക് നേരെ സൈബര്‍ ആക്രമണ സാധ്യതയുണ്ടെന്ന് വിസ നേരത്തേയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത്തരത്തില്‍ അഞ്ചോളം സൈബര്‍ ആക്രമണ ശ്രമങ്ങളും വിസയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ് സ്റ്റേഷനുകളുടേയും ഗ്യാസ് പമ്പ് ഓപ്പറേറ്റര്‍മാരുടേയും പ്രവര്‍ത്തനത്തിലെ പഴുതുകളെന്തെങ്കിലും സൈബര്‍ കുറ്റവാളികള്‍ കണ്ടെത്തിയിട്ടുണ്ടാവാം എന്നാണ് വിസ പേയ്മെന്റ് ഫ്രോഡ് ഡിസ്റപ്ഷന്‍ ടീം പറയുന്നത്. പിഒഎസ് ചിപ്പ് ഉപയോഗിക്കാത്തതും പിന്‍ നമ്പര്‍ ഉപയോഗിക്കാത്തതും സുരക്ഷാ വിഴ്ചയുണ്ടാക്കുന്നുവെന്ന് കരുതപ്പെടുന്നു.

Top