ഗരീബ് രഥ് നിര്‍ത്തലാക്കില്ല, വാര്‍ത്തകള്‍ നിഷേധിച്ച് റെയ്ല്‍വേ

ന്യൂഡല്‍ഹി: പാവപ്പെട്ടവന്റെ ‘രാജധാനി’ എക്‌സ്പ്രസ് എന്ന് അറിയപ്പെടുന്ന ‘ഗരീബ് രഥ്’ ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ റെയ്ല്‍വേ. നിലവില്‍ അത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് റെയ്ല്‍വേ അധികൃതര്‍ വ്യക്തമാക്കി.

ഗരീബ് രഥ് ട്രെയിനുകള്‍ ഒന്നുകില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ ഇവയെ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റുകയോ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കത്‌ഗോദമില്‍ നിന്നും ജമ്മുവിലേക്കും കാണ്‍പൂരിലേക്കുമുള്ള ഗരീബ് രഥ് സര്‍വീസുകള്‍ അടുത്തിടെ എക്‌സ്പ്രസ് സര്‍വീസുകളാക്കി മാറ്റിയതിന്റെ ചുവടുപിടിച്ചായിരുന്നു ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇടത്തരക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി ലാലു പ്രസാദ് യാദവ് റെയ്ല്‍വേ മന്ത്രി ആയിരുന്നപ്പോള്‍ 2006ലാണ് ഗരീബ് രഥ് സര്‍വീസുകള്‍ ആരംഭിച്ചത്. കുറഞ്ഞ ചെലവിലുള്ള എ.സി യാത്രയാണ് ഈ ട്രെയിന്‍ വാഗ്ദാനം ചെയ്തത്. എക്‌സ്പ്രസ് ട്രെയിനിലെ എ.സി ടിക്കറ്റിന്റെ മൂന്നില്‍ രണ്ട് തുക മാത്രമാണ് ഗരീബ് രഥ് സര്‍വീസുകളില്‍ ഈടാക്കുന്നത്.

Top