ഗാംഗുലിയ്ക്ക് ഇനി ആന്‍ജിയോപ്ലാസ്റ്റി വേണ്ട, ഒരു മാസം കൊണ്ട് പൂര്‍ണ്ണ ആരോഗ്യവാനാകും

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇനിയും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. ശനിയാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗാംഗുലിക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം വീണ്ടും ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമോ എന്ന കാര്യം തീരുമാനിക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നത്.

ഇത് പ്രകാരം നടന്ന പരിശോധനയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റിയോടു കൂടി തന്നെ ഗാംഗുലി നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. അതിനാല്‍ ഇനി ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. രക്തധമനിയിലെ തടസ്സം പൂര്‍ണമായും ഒഴിവാക്കിയെന്നും ഒരുമാസംകൊണ്ട് പൂര്‍ണ ആരോഗ്യവാനാവുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെയാണ് നാല്‍പ്പത്തെട്ടുകാരനായ ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Top