പച്ചക്കറി തൈ എന്ന് വീട്ടുകാരോട്; കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

ചേര്‍ത്തല: പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍ എം.യദുകൃഷ്ണന്‍ (21) ആണ് പിടിയിലായത്.

ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം. ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു. പച്ചക്കറിത്തൈ ആണെന്നാണ് അമ്മയെ അടക്കം ഇയാള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അപ്രന്റീസാണ് യുവാവ്. ജില്ലാ പൊലീസ് ചീഫ് ജെയിംസ് ജോസഫിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്റെ നിര്‍ദേശത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

Top