കഞ്ചാവ് ചേര്‍ത്ത പാനീയം വിപണിയിലെത്തിക്കാൻ‍ കൊക്കകോള ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പാനീയ ഉത്പാദന കമ്പനിയായ കൊക്കകോള പുതിയ പാനീയം വിപണിയിലെത്തിക്കുന്നു. ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കഞ്ചാവ് ചേരുവയായ പാനീയമായിരിക്കും വിപണിയിലെത്തിക്കുന്നത്.

ഉത്പന്നം വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തി. ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാനബിസ്. അറോറയുമായി കൈകോര്‍ത്ത് പാനീയ വിപണിയില്‍ ചുവടുറപ്പിക്കുകയാണ് കൊക്കകോള.

മാനസികോത്തേജനം നല്‍കുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പാനീയത്തിലുപയോഗിക്കുന്നത്. കഠിനമായ വേദന, ഉത്കണ്ഠ, നാഡീരോഗങ്ങള്‍ ഇവയുടെ ചികിത്സയ്ക്കായി കഞ്ചാവ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അപസ്മാര രോഗത്തിനും കഞ്ചാവ് ഉപയോഗിക്കാന്‍ പലയിടത്തും അനുമതിയുണ്ട്. ഇക്കാര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ലാഭം കൊയ്യാനാണ് കൊക്കകോളയുടെ നീക്കം. നിലവില്‍ കോളയുടെ അനാരോഗ്യപരമായ ഘടകങ്ങള്‍ കൊക്കകോളയുടെ ആഗോളവില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്.

Top