ഗാംഗുലിയുടെ കഥ സിനിമയാകുന്നു; ദാദയാകാന്‍ രണ്‍ബീര്‍ കപൂര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. 200-250 കോടി ബഡ്ജറ്റിലാകും ചിത്രം തയാറാകുക. സംവിധായകനെയോ നിര്‍മാതാവിനെയോ കുറിച്ച് സൂചനയില്ല. രണ്‍ബീര്‍ കപൂര്‍ ആകും ഗാംഗുലിയുടെ റോളില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി ഭാഷയിലാകും സിനിമ പുറത്തിറങ്ങുക.

ഇന്ത്യന്‍ ടീം ക്യാപ്റ്റനില്‍ നിന്ന് ബിസിസിഐ പ്രസിഡന്റ് വരെയാകുന്നതു വരെയുള്ള ദാദയുടെ ജീവിതമാണ് സിനിമയാകുന്നത്. എം.എസ് ധോണിയുടെ ജീവിത കഥ പറഞ്ഞ സിനിമ വന്‍ വിജയമായിരുന്നു. സുശാന്ത് സിങ് രജ്പുത് ആണ് സിനിമയില്‍ ധോണിയായി വേഷമിട്ടത്. സച്ചിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു.

1983ലെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ കപില്‍ ദേവ് ആയി രണ്‍വീര്‍ സിങ് ആണ് വേഷമിടുന്നത്. ശ്രീകാന്ത് ആയി ജീവയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വനിത ക്രിക്കറ്റ് താരങ്ങളായ മിഥാലി രാജ്, ജുലന്‍ ഗോസ്വാമി എന്നിവരുടെ ജീവിതത്തെയും കരിയറിനെയും ആസ്പദമാക്കിയും ചിത്രങ്ങള്‍ തയാറാകുന്നുണ്ട്.

 

Top