ഒമിക്രോണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന് ഗാംഗുലി

മുംബൈ: ഒമിക്രോണ്‍ വ്യാപനം ഭീഷണിയായി നിലനില്‍ക്കുകയാണെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിലെ സാഹചര്യത്തില്‍ പര്യടനത്തില്‍ മാറ്റമില്ലെന്നും ബാക്കി കാര്യങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ഗാംഗുലി പറഞ്ഞു.

ഡിസംബര്‍ 17 നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യ 4 ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കും. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനു ശേഷം ഡിസംബര്‍ 8,9 തിയതികളിലായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് തിരിക്കും.

അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അവസാന വാക്ക് കേന്ദ്രസര്‍ക്കാരിന്റേതെന്ന് ബിസിസിഐ നേരത്തെ നിലപാടെടുത്തിരുന്നു. ആരോഗ്യമന്ത്രാലയം പറയുന്നതെന്തോ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും താരങ്ങളുടെ സുരക്ഷയാണ് ഏറെ പ്രാധാന്യമെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനാല്‍ നെതര്‍ലന്‍ഡിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിച്ചിരുന്നു. 3 ഏകദിന മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ നെതര്‍ലന്‍ഡ് ഇന്ന് ആദ്യ മത്സരം കളിച്ചിരുന്നു. മത്സരം മഴ മൂലം ഉപേക്ഷിച്ചു. അടുത്ത മത്സരം ഈ മാസം 28നാണ് തീരുമാനിച്ചിരുന്നത്.

Top