കോലിയെ പിന്തുണച്ച് ഗാംഗുലി

ഫോം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഫോം നഷ്ടമാവുന്നത് സർവസാധാരണമാണെന്ന് ഗാംഗുലി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ പ്രകടനം നോക്കിയാൽ അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാവും. കഴിഞ്ഞ 12-13 വർഷങ്ങളായി കോലി മികച്ച പ്രകടനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

ഗാംഗുലിയുടെ വാക്കുകൾ – “കായിക രംഗത്ത് ഇതൊക്കെ സാധാരണയാണ്. ഇതൊക്കെ എല്ലാവർക്കും സംഭവിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽകർക്കും രാഹുൽ ദ്രാവിഡിനും എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. ഇത് ഭാവിയിൽ മറ്റ് താരങ്ങൾക്കും സംഭവിക്കും. കായികരംഗത്ത് ഇതൊക്കെ സ്വാഭാവികമാണ്. അത് മനസ്സിലാക്കി കളിക്കുക എന്നേയുള്ളൂ. കോലി തിരിച്ചുവരും എന്ന് എനിക്കുറപ്പുണ്ട്.”.

അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാൽ, മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ തിരികെയെത്തുകയാണ് ബട്‌ലറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇരു ടീമുകളിലും മാറ്റങ്ങളുണ്ടായേക്കില്ല.

 

Top