സര്‍ഫറാസ് അഹമ്മദിന് പിന്തുണയുമായി സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങും

ന്യൂഡല്‍ഹി: ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് പിന്തുണയുമായി സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങും രംഗത്ത്.

ഒത്തുകളിയിലൂടെയും ബാഹ്യശക്തികളുടെ സഹായത്തോടെയുമാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയതെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ആമിര്‍ സൊഹൈല്‍ ‘സമ’ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ആരോപിച്ചിരുന്നു.

ഇതിനെതിരെ പ്രതികരണവുമായാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും വന്നിരിക്കുന്നത്.

സൊഹൈലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇത്തരം വിഡ്ഢിത്തം ഉന്നയിക്കുന്നതിനു പകരം ടീമിനെ അഭിനന്ദിക്കുകയാണ് വേണ്ടത്.

നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ടീം ഫൈനല്‍ വരെയത്തിയതെന്നും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ച് ഫെനലില്‍ എത്തിയതിന് പ്രശംസിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഇതിനു മുമ്പും സൊഹൈല്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളതായി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഗാംഗുലി അറിയിച്ചു.

സ്വന്തം രാജ്യത്തെ പോലും പിന്തുണക്കാത്തവരെ ആരും ബഹുമാനിക്കില്ലെന്നു പറഞ്ഞായിരുന്നു ഹര്‍ഭജന്‍ സിങ് ഇതിനെതിരെ പ്രതികരിച്ചത്.

Top