മാഫിയ ക്വീനായി ആലിയ ഭട്ട്;‌’ഗംഗുഭായ് കത്ത്യാവാടി’യുടെ റിലീസ് ജൂണ്‍ 30ന്‌

മുംബൈ: ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ ഗംഗുഭായ് കത്ത്യാവാടി ‘ ജൂണ്‍ 30ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയുടെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്ററും ടീസറും പുറത്തിറക്കിയിരുന്നു. ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം യൂ ട്യൂബില്‍ ദശ ലക്ഷത്തില്‍ അധികം പേരാണ് കണ്ടത്. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ ‘; എന്ന പേരില്‍ ഹുസൈന്‍ സെയ്ദി രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ചു ഭരിച്ച വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. എന്നാല്‍ അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്‍മാര്‍ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള്‍ ക്രിമിനലുകളുമായും അധോലോക നായകന്‍മാരുമായും സൗഹൃദം സ്ഥാപിച്ചു.

സൗത്ത് മുംബൈയുടെ ഒരു ഭാഗം മുഴുവന്‍ അവള്‍ അടക്കിഭരിച്ചു. ഒപ്പം സ്വന്തമായി വേശ്യാലയം തുടങ്ങി. അവിടെ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അനാഥരെയും ചുവന്ന തെരുവിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുകയായിരുന്നു അവര്‍. സഞ്ജയ് ലീല ബന്‍സാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷന്‍സും ഡോക്ടര്‍ ജയന്തിലാല്‍ ഗദ്ദയുടെ പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മമിക്കുന്നത്.

Top