Gangster hunt is the largest in the history of the police to enforce Pinarayi

തിരുവനന്തപുരം: പിണറായിയുടെ പൊലീസിനെ പേടിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്ത ഗുണ്ടകളെപ്പൊക്കാനും പൊലീസ് നടപടി തുടങ്ങി.

ഇതിനായി വിവിധ ജില്ലകളില്‍ നിന്നായി സ്‌പെഷ്യല്‍ ടീമുകളെ പ്രത്യേകം നിയോഗിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് 1260 പേരാണ് പിടിയിലായത്.ഇതില്‍ ഗുണ്ടകളും സാമൂഹിക വിരുദ്ധരും ഉള്‍പ്പെടുന്നു.

ക്രിമിനലുകളെ പിടികൂടിയതില്‍ മുന്നില്‍ നില്‍ക്കുന്നത് കൊച്ചി റേഞ്ചാണ്.ഇവിടെ ഇതിനകം 479 ക്രിമിനലുകളെയാണ് പിടികൂടിയത്.

തൊട്ടുപിന്നാലെ തിരുവനന്തപുരം റേഞ്ചാണ് 350 പേര്‍. തൃശൂരില്‍ 267,കണ്ണൂരില്‍ 164 എന്നിങ്ങനെയാണ് മറ്റ് രണ്ട് റേഞ്ചുകളിലെ കണക്ക്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഗുണ്ടാ വേട്ട ശക്തമാക്കാന്‍ മുഖ്യമന്ത്രിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ ഒരു സര്‍ക്കാരിന്റെ കാലത്തും ഇത്രയും വിപുലമായ ഗുണ്ടാവേട്ട നടന്നിട്ടില്ലന്നാണ് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

ഗുണ്ടകളെ പിടികൂടുന്നതിനും പൊലീസ് ഓപ്പറേഷന്‍ വിലയിരുത്തുന്നതിനുമായി പ്രത്യേക അവലോകനം നടത്താനും റിപ്പോര്‍ട്ട് യഥാസമയം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിനാല്‍ ഗുണ്ടകളുടെ പിന്നാലെ പരക്കം പായുകയാണിപ്പോള്‍ പൊലീസ്.

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

പൊലീസ് നടപടി ശക്തമാക്കിയതോടെ നാട് വിട്ട് ഓടിയ ഗുണ്ടകള്‍ക്ക് പിന്നാലെ പൊലീസും വിട്ടതോടെ പലരും മൊബൈല്‍ ഫോണ്‍ ഓഫാക്കിയാണ് രഹസ്യ കേന്ദ്രങ്ങളില്‍ തങ്ങുന്നതത്രെ.

എവിടെ ഒളിച്ചാലും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇവര്‍ക്ക് ബന്ധപ്പെടേണ്ടി വരുമെന്നതിനാല്‍ അവരെ കേന്ദ്രീകരിച്ചും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Top