ആറ്റിങ്ങലില്‍ ബാറില്‍ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: ആറ്റിങ്ങലിലെ ബാറിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയില്‍. വെള്ളൂര്‍ക്കോണം സ്വദേശി വിഷ്ണുവിനെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങലിലെ ദേവ് റെസിഡന്‍സി ബാറില്‍ കഴിഞ്ഞദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ബാര്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണവും കവര്‍ന്നിരുന്നു.

ബാറിലെത്തിയ വിഷ്ണുവും സംഘവും പാട്ടും ആഘോഷവുമായി മദ്യപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷമാണ് ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് വിഷ്ണു പണം കൊള്ളയടിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് വിഷ്ണുവിനെ പിടികൂടിയത്. അതേസമയം, സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതായി പോലീസിനെതിരെയും ആരോപണമുണ്ട്.

പിടിയിലായ വിഷ്ണു ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നാണ് പോലീസ് നല്‍കുന്നവിവരം. കഴിഞ്ഞദിവസം രാത്രി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബാറിലെത്തി മദ്യപിച്ചിരുന്നു. ബാറില്‍ പാട്ടും ആഘോഷവുമായി മദ്യപിച്ച വിഷ്ണുവും കൂട്ടാളികളും ഇതിനുപിന്നാലെയാണ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്.

 

Top