കോഴിക്കോട് കടയുടമയ്‌ക്ക് നേരെ ഗുണ്ടാ ആക്രമണം

acid-attack

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടമയ്ക്ക് നേരേ ഗുണ്ടാ ആക്രമണം. കിഴക്കേ നടക്കാവിലെ ഇവന്‍സ എംപോറിയത്തിന്റെ ഉടമ ഷാഹിദിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം.

രണ്ട് കാറുകളിലും ബൈക്കിലുമായെത്തിയ സംഘം പണം ചോദിച്ച് കടയിലേക്ക് കയറുകയായിരുന്നു. എന്തിനാണ് പണമെന്ന് ചോദിച്ചപ്പോള്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് ആക്രമിച്ചുവെന്നുമാണ് കടയുടമ ഷാഹിദ് പറയുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഷാഹിദിന്റെ നെറ്റിയില്‍ നാല് തുന്നലുണ്ട്. അക്രമി സംഘം രക്ഷപ്പെടാതിരിക്കാന്‍ കടയുടെ പ്രധാന ഷട്ടര്‍ ജീവനക്കാര്‍ അടച്ചെങ്കിലും ഭീഷണിപ്പെടുത്തി തുറന്ന് രക്ഷപ്പെടുകയാണുണ്ടായത്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നഗരത്തില്‍ ഗുണ്ടാ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പിലെ ജീവനക്കാരനെ കണ്ണില്‍ മണലെറിഞ്ഞ് കവര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ കടയുടമക്ക് നേരെ ഗുണ്ടാ ആക്രമണം നടന്നിരിക്കുന്നത്.

Top