ജനങ്ങളുടെ കയ്യടി നേടാന്‍ വേണ്ടി നടത്തുന്ന സംഘടനയല്ല അമ്മ; ഇടവേള ബാബുവിന് ഗണേഷ് കുമാര്‍ അയച്ച ശബ്ദ സന്ദേശം പുറത്ത്

Ganesh kumar

കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കെതിരെ നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. വിവാദത്തില്‍ ജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചുകൊണ്ട് ഗണേഷ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്‌സാപ്പ് സന്ദേശമാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.

രാജിവെച്ച നടിമാര്‍ എന്നും അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണ്. അവര്‍ എന്നും അമ്മയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കരുത്. രാജിവെച്ച നടിമാര്‍ സിനിമയില്‍ സജീവമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ സ്റ്റേജ് ഷോയിലും ഇവര്‍ സഹകരിച്ചില്ല. മാധ്യമങ്ങള്‍ രണ്ട് ദിവസം കഴിയുമ്പോള്‍ ഈ വാര്‍ത്തകള്‍ അവസാനിപ്പിക്കും. പത്രവാര്‍ത്തയും ഫെയ്‌സ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുതെന്നും ഗണേഷ് പറഞ്ഞു.

‘അമ്മ’യൊരു രാഷ്ട്രീയ സംഘടനയല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയ്ക്ക് പൊതുജനപിന്തുണയൊന്നും വേണ്ട. ജനങ്ങളുടെ കയ്യടി നേടാന്‍ വേണ്ടി നടത്തുന്ന സംഘടനയൊന്നുമല്ല അമ്മയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നമ്മുടെ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സംഘടനയാണ്. ഒന്നിനോടും പ്രതികരിക്കരുതെന്നും സന്ദേശത്തില്‍ ഗണേഷ് പറയുന്നു.

അമ്മയില്‍ നിന്ന് നടിമാര്‍ രാജിവെച്ച വിഷയത്തില്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളെയും ഗണേഷ് കുമാര്‍ ശബ്ദ സന്ദേശത്തില്‍ വിമര്‍ശിച്ചു. രാഷ്ട്രീയക്കാരുടെ വിമര്‍ശനം ചാനലുകളില്‍ പേര് വരാന്‍ വേണ്ടിയാണ്. വിമര്‍ശിച്ചവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേഷ് പറയുന്നുണ്ട്.

Top