ganesh kumar statement

തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച സലിം കുമാറിനെതിരെ പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍ രംഗത്തെത്തി.

പ്രചരണ വേദിയില്‍ മോഹന്‍ലാല്‍ വന്നതിനെ ത്തുടര്‍ന്നുണ്ടായ വിവാദം തനിക്ക് ഗുണമാണ് ചെയ്തതെന്നും പത്തനാപുരത്ത് ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നെന്നും ഗണേഷ് പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹന്‍ലാലിനെക്കുറിച്ച് പറയുവാന്‍ എന്ത് യോഗ്യതയാണുള്ളത്? എന്നെ സഹോദരനെപ്പോലെ കാണുന്ന മോഹന്‍ലാല്‍ പത്തനാപുരത്ത് വന്നതില്‍ എന്താണ് വിവാദമെന്നും അദ്ദേഹം ചോദിച്ചു.

താരസംഘടനയായ ‘അമ്മ’യുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പങ്കെടുക്കാത്ത സലിംകുമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതും ഇല്ലാത്തതും ഒരുപോലെയാണെന്നും ഗണേഷ് പരിഹസിച്ചു.

സിനിമാതാരങ്ങള്‍ മത്സരിക്കുന്നിടത്ത് അവര്‍ക്കെതിരായി ‘അമ്മ’ അംഗങ്ങള്‍ പ്രചാരണത്തിന് പോകരുതെന്ന സംഘടനയുടെ അപ്രഖ്യാപിത നിര്‍ദേശം മോഹന്‍ലാല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സലീമിന്റെ രാജി.

എന്നാല്‍ സംഘടനയിലെ അംഗങ്ങള്‍ പ്രചരണത്തിന് പോകുന്നത് സംബന്ധിച്ച് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റ് എംപി ഇതേക്കുറിച്ച് പ്രതികരിച്ചത്.

Top