താലൂക്ക് സഭാ യോഗത്തിനിടെ പരാതി പരിശോധിക്കാനിറങ്ങിയ ഉദ്യോഗസ്ഥനെ ശാസിച്ച് ഗണേഷ് കുമാര്‍

പത്തനാപുരം: താലൂക്ക് സഭാ യോഗത്തിനിടെ പരാതി പരിശോധിക്കാന്‍ ഇറങ്ങിയ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ പരസ്യമായി ശാസിച്ച് പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാര്‍.താലൂക്ക് സഭ ചേരുന്ന ദിവസം ഇനി വേറെ ഒരു പണിക്കും പോകരുതെന്ന് ഗണേഷ്‌കുമാര്‍, ഉദ്യോഗസ്ഥനോട് പറഞ്ഞു. നേരത്തേയും താക്കീത് നല്‍കിയിരുന്നുവെന്നും ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും ഗണേഷ്‌കുമാര്‍ അസിസ്റ്റന്റ് എന്‍ജിനീയറോട് പറഞ്ഞു.

‘പരാതി പരിശോധിക്കാന്‍ ഉച്ചയ്ക്ക് ശേഷം പോകാമായിരുന്നു. എല്ലാവരും പങ്കെടുക്കുന്നതാണ് താലൂക്ക് സഭ. പഞ്ചായത്ത് അംഗങ്ങളും അധ്യക്ഷന്മാരും വന്നിരിക്കുമ്പോള്‍ നിങ്ങള്‍ കറങ്ങാന്‍ പോകുന്നത് ഇന്ന് നിര്‍ത്തണം. മേലാല്‍ ഈ പണിയെടുക്കരുത്. നേരത്തേയും നോട്ടീസ് കൊടുത്തതാണ്. മൂന്നാഴ്ച മുമ്പും നോട്ടീസ് നല്‍കിയതാണ്’, ഗണേഷ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു.

താലൂക്ക് സഭ കൂടിയ സമയത്ത് ഫോണിലേക്ക് പരാതി വന്നതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്കായി പി.ഡബ്ല്യൂ.ഡി. എന്‍ജിനീയര്‍ പോകുന്നത്. ഇതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. എം.എല്‍.എയുടെ താക്കീതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ യോഗത്തിലേക്ക് തിരികെയെത്തി.

Top