ഇലക്ട്രിക് ബസ് ലാഭക്കണക്ക് മന്ത്രിക്ക് കിട്ടുന്നതിന് മുൻപ് പുറത്ത്; ഗണേഷ് കുമാറിന് അതൃപ്തി

തിരുവനന്തപുരം : ഇലക്ട്രിക് ബസുകൾ സംബന്ധിച്ച വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന് അതൃപ്തി. മന്ത്രിക്ക് റിപ്പോർട്ട് കിട്ടുന്നതിനു മുൻപ് മാധ്യമങ്ങളിൽ ലാഭത്തിന്റെ കണക്കുകൾ വന്നതിനെ സംബന്ധിച്ച് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) ബിജു പ്രഭാകറിനോട് വിശദീകരണം തേടി.

ഇലക്ട്രിക് ബസുകളുടെ പ്രവർത്തന റിപ്പോർട്ട് നൽകാൻ സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. മന്ത്രിക്ക് റിപ്പോർട്ട് ലഭിക്കുന്നതിനു മുൻപ്, ഇലക്ട്രിക് വാഹനങ്ങൾ ലാഭത്തിലാണെന്നതിന്റെ കണക്കുകൾ പുറത്തുവന്നത് സിഎംഡിയുടെ ഓഫിസിന്റെ അറിവോടെയാണെന്ന് മന്ത്രിയുടെ ഓഫിസ് സംശയിക്കുന്നു.

ഇലക്ട്രിക് ബസുകൾ നഷ്ടത്തിലല്ലെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൾ. ഇ ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. 9 മാസം കൊണ്ട് 2.88 കോടി രൂപയുടെ ലാഭമുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിലിൽ 17.91 ലക്ഷം രൂപയായിരുന്നു ലാഭം. ഡിസംബറിൽ 41.76 ലക്ഷം രൂപയാണ് ലാഭം.

ഇലക്ട്രിക് ബസിൽ തിരുവനന്തപുരം നഗരത്തിൽ എവിടെയും 10 രൂപയാണ് ടിക്കറ്റ് നിരക്ക്. 2023 ഏപ്രിലിലാണ് 50 ബസുകൾ സർവീസ് ആരംഭിച്ചത്. ഓഗസ്റ്റിൽ 107 ബസുകളായി. നിലവിൽ കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്.

ഇ ബസ് വേണ്ടെന്ന നിലപാടാണ് മന്ത്രിക്ക്. ഇതിനു മുന്നണിയിൽ പിന്തുണയില്ല. ആധുനിക കാലഘട്ടത്തിൽ ഇ ബസുകൾ ആവശ്യമാണെന്നാണ് സിപിഎം നിലപാട്. സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് ഡീസൽ ബസുകൾ വാങ്ങാനാകില്ല. ഇ ബസ് വാങ്ങിയില്ലെങ്കിൽ ഫണ്ട് വേണ്ടെന്നു വയ്ക്കണം. 950 ഇ ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല.

Top