ചെഗുവേരയല്ല ഗാന്ധിജിയാണ് ശരി; പി. സുരേന്ദ്രന്‍

മലപ്പുറം: മാവോയിസ്റ്റ്, നക്സലൈറ്റ് പ്രസ്ഥാനങ്ങളോട് ചെറുപ്പകാലത്ത് ആദരവുണ്ടായിരുന്നുവെങ്കിലും ഹിംസയുടെ മാര്‍ഗത്തില്‍ സഞ്ചരിച്ച അവരെക്കുറിച്ച് ആഴത്തില്‍ പഠിച്ചപ്പോള്‍ ചെഗുവേരയെക്കാളും ആദരവ് നല്‍കേണ്ടത് ഗാന്ധിജിയോടാണെന്ന് ബോധ്യപ്പെട്ടുവെന്ന് കഥാകൃത്ത് പി. സുരേന്ദ്രന്‍. മസില്‍ പവറിന്റെ രാഷ്ട്രീയമല്ല മസ്തിഷ്‌കത്തിന്റെ രാഷ്ട്രീയമാണ് കാലഘട്ടത്തിന് അനിവാര്യമെന്ന് മനസിലാക്കാന്‍ രാഷ്ടീയ പാര്‍ട്ടികള്‍ തയ്യാറാവണം. രാഷ്ട്രീയ പാര്‍ട്ടികള്‍ തകരുന്നത് അവരുടെ നയം കൊണ്ടാണെന്നും അധികാരത്തോട് സന്ധി ചെയ്യാന്‍ താന്‍ ഒരിക്കലും തയ്യാറല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്‌ക്കാര സാഹിതി സംസ്ഥാന കമ്മറ്റിയുടെ ഗുരു വന്ദനം പരിപാടിയില്‍ ആദരമേറ്റു വാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുരേന്ദ്രന്റ വസതിയായ വട്ടംകുളത്തെ പ്രാര്‍ത്ഥനയില്‍ നടന്ന ചടങ്ങില്‍ സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ പി.സുരേന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഭിപ്രായങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഭരണകൂടതിട്ടൂരങ്ങള്‍ക്ക് മുന്നില്‍ ശബ്ദിക്കുക എന്ന്് ഓര്‍മപ്പെടുത്തുന്നത് പി.സുരേന്ദ്രനെപ്പോലുള്ള എഴുത്തുകാരാണെന്ന് വി.ടി.ബല്‍റാം പറഞ്ഞു. അക്രമ രാഷ്ട്രീയം മുന്നോട്ടു കൊണ്ടു പോകുന്ന സി.പി.എം നിഷ്‌കളങ്ക നാടകവുമായി മുന്നോട്ടു വരുന്നത് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും വ്യക്തമാക്കി.

അഭിപ്രായങ്ങള്‍ തുറന്നു പറയാനും ആരുടെയും മുന്നില്‍ തല കുനിക്കാതെ എഴുതാനുമുള്ള ചങ്കൂറ്റമാണ് പി.സുരേന്ദ്രന്റെ സര്‍ഗ യാത്രയുടെ വിജയമെന്ന് ആര്യാടന്‍ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. സംസ്‌ക്കാര സാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍ വി. പ്രദീപ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അനി വര്‍ഗീസ്, പ്രണവം പ്രസാദ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം ഹുസൈന്‍ അഴീക്കോട്, ടി.പി.മുഹമ്മദ്, എം.വി.ശ്രീധരന്‍, സുരേഷ് പൊല്‍പ്പാക്കര, ഹുറൈര്‍ കൊടക്കാട്ട്, ഇ.പി.രാജീവ്. ഫിറോസ് ഖാന്‍ അണ്ണക്കമ്പാട്, ടി.പി.ശബരീശന്‍, എം.എ.നജീബ്, ഇടവേള റാഫി, തൊണ്ടിയില്‍ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സര വിജയികള്‍ക്ക് പി.സുരേന്ദ്രന്‍, ആര്യാടന്‍ ഷൗക്കത്ത്, വി.ടി.ബല്‍റാം എന്നിവര്‍ സമ്മാനദാനം നടത്തി.

Top